കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറിയും , ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവർത്തകനുമായ ചെലവൂർ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
കേരളത്തിന്റെ ചലച്ചിത്ര ആസ്വാദന രംഗത്ത് എന്നും മികച്ച സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ ഫിലിം സൊസൈറ്റികൾ വഹിച്ച പങ്ക് ചെറുതല്ല. അതിൽ തന്നെ ഏറ്റവും പ്രധാനമാണ് അശ്വിനി ഫിലിം സൊസൈറ്റിയുടെയും ചെലവൂർ വേണുവിന്റെയും സ്ഥാനം. കേരളത്തില്‍ ചലച്ചിത്രോത്സവം വരുന്നതും ലോകസിനിമകൾ മലയാളികൾക്ക് പരിചിതമാവുന്നതും, ചലച്ചിത്ര അക്കാദമി ഉണ്ടായതും ഫിലിം സൊസൈറ്റികളുടെ പ്രേരണകൊണ്ടാണ്. അതുകൊണ്ട് തന്നെ മലയാള സിനിമ ചരിത്രത്തിൽ അശ്വിനി ഫിലിം സൊസൈറ്റിയുടെയും വേണുവിന്റെയും സ്ഥാനം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.
ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, സംഘടനയുടെ മുഖമാസികയായ ‘ദൃശ്യതാളം’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു. സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയി ജോലി ചെയ്തു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.