വലതുകൈ എന്താണ് ചെയ്യുന്നതെന്ന് ഇടതുകൈ അറിയരുത്..; ആസിഫ് അലിയുടെ കരുതല്‍, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി നടന്‍ ആസിഫ് അലി. താന്‍ നല്‍കിയ തുക മറച്ചുവച്ചു കൊണ്ടാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം പങ്കുവച്ചത്. നിരവധിയാളുകളാണ് ആസിഫിന്റെ പ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള വീഡിയോയും ആസിഫ് അലി പങ്കുവച്ചിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.

വയനാടിന്റെ അതിജീവനത്തിന് വേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടു വരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നാണ് ആസിഫ് അലി പറയുന്നത്.

അതേസമയം, മഹാദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് സഹായധനമായി നല്‍കിയത്. മമ്മൂട്ടിയും ദുല്‍ഖറും എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം രൂപയാണ് നല്‍കിയത്. നടന്മാരായ കമല്‍ ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.

ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍, വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവര്‍ അഞ്ച് കോടി രൂപ വീതം സഹായധനം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്.

Read more