ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു; ഞാൻ ജീവിച്ചിരിക്കാന്‍ കാരണം സുഹൃത്തുക്കള്‍, തുറന്ന് പറഞ്ഞ് താരം

ഇക്കഴിഞ്ഞ ദിവസമാണ് തമിഴ് ബിഗ് ബോസിൻ്റെ പുതിയ സീസൺ ആരംഭിച്ചത്. ഈ സീസൺ മുതൽ തമിഴിൽ ബിഗ് ബോസ് അവതാരകനായി എത്തുന്നത് വിജയ് സേതുപതിയാണ്. നാളിതുവരെ കമൽ ഹാസൻ ആയിരുന്നു അവതരാകൻ. ഇത്തവണ തമിഴ് ബിഗ് ബോസിൽ മത്സരാർത്ഥിയായി മലയാളികൾക്ക് പ്രിയങ്കരിയായൊരു നടിയുണ്ട്.

തമിഴിലും മലയാളത്തിലും മിനിസ്ക്രീനിലെ മിന്നും താരമായ അൻഷിതയാണ് മലയാളികൾക്ക് പ്രിയങ്കരിയായ ബിഗ് ബോസ് മത്സരാർത്ഥി. ‘കൂടെവിടെ’ എന്ന സീരിയലിലൂടെയാണ് താരം മലയാളിയുടെ മനസ്സിൽ ഇടം നേടുന്നത്. അതേസമയം തമിഴിൽ ‘ചെല്ലമ്മ’ എന്ന പരമ്പരയിലൂടെ തമിഴിലും അൻഷിത താരമായി. ബിഗ് ബോസ് മത്സരാർത്ഥിയായി എത്തുമ്പോൾ താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ശ്രദ്ധ നേടുകയാണ്.

ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും ജീവിതത്തിൽ നേരിടാൻ പാടില്ലാത്തതെല്ലാം താൻ ഇതിനോടകം നേരിട്ടിട്ടുണ്ടെന്നും അൻഷിത പറയുന്നു. അതിൽ നിന്നെല്ലാം പുറത്ത് കടന്ന് വന്ന് ഇവിടെ വരെ എത്തി നിൽക്കാൻ കാരണം എൻ്റെ സുഹൃത്തുക്കളാണെന്നും അൻഷിത പറയുന്നു. ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയ അൻഷിത തന്റെ ഇൻട്രോ വീഡിയോയിലാണ് താരത്തിന്റെ ജീവിതം പങ്കുവച്ചിരിക്കുന്നത്.

അൻഷിതയുടെ വാക്കുകൾ ഇങ്ങനെ

‘എന്റെ കുടുംബത്തെക്കുറിച്ച് പറയാം. എൻ്റെ അമ്മയാണ് എൻ്റെ എല്ലാം. അവർ കാരണമാണ് പത്ത് പേർ ഇന്ന് അൻഷിതയെ അറിയുന്നത്. എൻ്റെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനും അമ്മയും വിവാഹ മോചിതരായതാണ്. അന്ന് മുതൽ എന്റെ എല്ലാം നോക്കുന്നത് അമ്മയാണ്. എനിക്കൊരു ചേട്ടനുണ്ട്. ചേട്ടനും അമ്മയും ഞാനും അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. ചെറിയ കുടുംബമാണ് എൻ്റേത്. കുടുംബവും സുഹൃത്തുക്കളുമാണ് എന്റെ ലോകം.

ഞാനിന്ന് ജീവനോടെയിരിക്കാൻ കാരണം വരെ എൻ്റെ സുഹൃത്തുക്കളാണ്. ജീവിതത്തിൽ ഞാൻ ഒരുപാട് പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്. എനിക്കിപ്പോൾ 27 വയസായി. ഇതിനുള്ളിൽ എന്തൊക്കെ ഫേസ് ചെയ്യാൻ പാടില്ലയോ അതൊക്കെ ഞാൻ ഫേസ് ചെയ്‌തിട്ടുണ്ട്. ആ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം പുറത്ത് കടന്ന് വന്ന് ഇവിടെ വരെ എത്തി നിൽക്കാൻ കാരണം എൻ്റെ സുഹൃത്തുക്കളാണ്. കരിയറിൽ വേറൊരു ലെവലിൽ എത്തി നിൽക്കുകയാണ്. അങ്ങനെയാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. എനിക്ക് ഒരുപാട് സ്നേഹം വേണം. അതാണ് ലക്ഷ്യം. കുട്ടിക്കാലം മുതൽ എനിക്ക് മതിയാവോളം കിട്ടാതെ പോയതും ഇപ്പോഴും തേടുന്നതും സ്നേഹമാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും മാത്രമാണ് ഞാൻ ചോദിക്കുന്നത്. ഞാൻ ആരാണെന്ന് ഇനിയാണ് നിങ്ങൾ അറിയാൻ പോകുന്നത്.’

Read more