52 മത് ചലച്ചിത്ര പുരസ്‌കാര നേട്ടത്തിലാണ് കൃഷാന്ത് സംവിധാനം ചെയ്ത ആവാസ വ്യൂഹം. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ ഈ ചിത്രം ഇത്തവണത്തെ ഐഎഫ്എഫ്‌കെ ചലച്ചിത്ര മേളയില്‍ മികച്ച സിനിമയ്ക്കുള്ള നെറ്റ് പാക്ക്, ഫിപ്രസ്‌കി പുരസ്‌കാരങ്ങളും നേടിയിരുന്നു. മനുഷ്യനൊപ്പം തന്നെ പ്രകൃതിയും പ്രധാന കഥാപാത്രമായെത്തുന്ന ഈ ചിത്രത്തിന് ഒരു ഡോക്യുമെന്റി ശൈലിയാണുള്ളത്.
പുതുവൈപ്പിനിലെത്തുന്ന ജോയി എന്ന യുവാവിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ആവാസവ്യൂഹത്തിന്റെ സംവിധായകനായ ക്രിഷാന്ത് സിനിമയെക്കുറിച്ച് പറയുന്നതിങ്ങനെ
പ്രകൃതിയെ കേന്ദ്രീകരിച്ച് ഒരു സിനിമ, അതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി എഴുത്ത് പൂര്‍ത്തിയാക്കി. മണ്‍റോതുരുത്ത് ലൊക്കേഷനായി തീരുമാനിച്ചു. പിന്നീട് സിനിമയുടെ ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് പുതുവൈപ്പിന്‍. വെറുതെയൊരു പശ്ചാത്തലത്തിലൊതുക്കേണ്ട സ്ഥലമല്ല പുതുവൈപ്പിന്‍ എന്നു തോന്നി. അവിടെത്തെ സമരം കൂടി സിനിമയുടെ ഭാഗമായി. ആദ്യമെഴുതിയ കഥയാകെ മാറ്റിയെഴുതി. 1830 ക്രൂസാണ് പ്രധാനമായും ചിത്രം നിര്‍മ്മിച്ചത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സമ്പൂര്‍ണ്ണപട്ടിക
രചനാ വിഭാഗം
അവാര്‍ഡുകള്‍
1. മികച്ച ചലച്ചിത്രഗ്രന്ഥം – ‘ചമയം’
ഗ്രന്ഥകര്‍ത്താവ് – പട്ടണം റഷീദ്
(രചയിതാവിന് 30,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
അഭിനേതാവിനെ കഥാപാത്രമാക്കി രൂപാന്തരപ്പെടുത്തുന്നതില്‍ ചമയത്തിന്റെ പ്രാധാന്യം സവിസ്തരം പ്രതിപാദിക്കുന്ന റഫറന്‍സ് ഗ്രന്ഥം.
ചമയത്തിന്റെ ചരിത്രം, ചമയത്തിന്റെ സാങ്കേതികത, ചമയത്തിന്റെ ലാവണ്യശാസ്ത്രം എന്നിവയെ ഗവേഷണാത്മകമായും അനുഭവാത്മകമായും വിവരിക്കാനും വ്യാഖ്യാനിക്കാനുമുള്ള സാര്‍ത്ഥക പരിശ്രമം.
ചലച്ചിത്രശരീരത്തിന്റെ അവിഭാജ്യഘടകമായ ചമയത്തെപ്പറ്റി ചമയക്കാരന്‍തന്നെ എഴുതിയിരിക്കുന്നുവെന്ന അനന്യതയുള്ള ഈ കൃതിയെ മികച്ച ചലച്ചിത്രഗ്രന്ഥമായി തെരഞ്ഞെടുത്തിരിക്കുന്നു.
2. മികച്ച ചലച്ചിത്ര ലേഖനം – ‘മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം’
ലേഖകന്‍ – ജിതിന്‍ കെ.സി.
(രചയിതാവിന് 20,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മലയാള സിനിമയിലെ താരശരീരത്തെ അപനിര്‍മ്മിക്കുന്നു ഈ ലേഖനം. വെള്ളിത്തിരയിലെ പുരുഷ താരങ്ങളുടെ ശരീരനിര്‍മ്മിതിയില്‍ ജാതിയടക്കമുള്ള സംവര്‍ഗ്ഗങ്ങള്‍ എങ്ങനെ ഇടപെടുന്നുവെന്ന് ‘ആണൊരുത്തന്‍’ എന്ന രൂപകത്തെ മുന്‍നിര്‍ത്തി വിശദീകരിക്കുന്നു.
മലയാള സിനിമാവ്യവഹാരത്തിലെ ആണ്‍ബോധ/പൊതുബോധ നിര്‍മ്മിതികളെ രാഷ്ട്രീയമായി വായിക്കുന്നു.
ഇവയെല്ലാം പരിഗണിച്ച്, ഈ രചനയെ മികച്ച ചലച്ചിത്രലേഖനമായി തെരഞ്ഞെടുത്തിരിക്കുന്നു.
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
1. ചലച്ചിത്രഗ്രന്ഥം – ‘നഷ്ട സ്വപ്നങ്ങള്‍’
ഗ്രന്ഥകര്‍ത്താവ് – ആര്‍. ഗോപാലകൃഷ്ണന്‍
(ശില്പവും പ്രശസ്തിപത്രവും)
ജെ.സി.ഡാനിയേല്‍, ജാനറ്റ്, ആര്‍. സുന്ദര്‍രാജ്, ദേവകീഭായ്, രാമറെഡ്ഡി എന്നീ ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകരുടെ അറിയപ്പെടാത്ത ജീവിതത്തെ വര്‍ത്തമാനകാലത്തിന്റെ ചരിത്രബോധത്തിലേയ്ക്ക് ആനയിക്കുന്ന പഠനഗ്രന്ഥം. ജീവചരിത്രത്തെ സാമൂഹ്യചരിത്രവും കലാചരിത്രവുമായി വികസിപ്പിച്ചെടുക്കുന്ന ഈ ചലച്ചിത്ര ഗ്രന്ഥത്തിന് പ്രത്യേക ജൂറി പരാമര്‍ശം നല്‍കുന്നു.
2. ചലച്ചിത്രഗ്രന്ഥം – ‘ഫോക്കസ്: സിനിമാപഠനങ്ങള്‍’
ഗ്രന്ഥകര്‍ത്താവ് – ഡോ.ഷീബ എം. കുര്യന്‍
(ശില്പവും പ്രശസ്തിപത്രവും)
ലിംഗപദവി, സാമൂഹ്യപദവി, കര്‍ത്തൃനോട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ സിനിമയെ വിലയിരുത്തുന്ന ഗ്രന്ഥം. ചലച്ചിത്ര നിരൂപണത്തില്‍ സംസ്‌കാരവിമര്‍ശനപഠനത്തിന്റെ സാധ്യതകള്‍ തുറന്നു തരുന്ന ഈ കൃതിക്ക് പ്രത്യേക ജൂറി പരാമര്‍ശം നല്‍കുന്നു.
3. ചലച്ചിത്ര ലേഖനം – ‘ജോര്‍ജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും’
ഗ്രന്ഥകര്‍ത്താവ് – ഡോ.രാകേഷ് ചെറുകോട്
(ശില്പവും പ്രശസ്തിപത്രവും)
‘ദൃശ്യം’ സിനിമകളിലെ കേന്ദ്രകഥാപാത്ര നിര്‍മ്മിതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനശ്ശാസ്ത്രപരവും സാമൂഹ്യവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങള്‍, ജനപ്രീതിയുടെ രാഷ്ട്രീയം എന്നിവയെ സൈദ്ധാന്തികമായി വിലയിരുത്തുന്ന ഈ ലേഖനത്തിന് പ്രത്യേക ജൂറി പരാമര്‍ശം നല്‍കുന്നു.
ചലച്ചിത്ര വിഭാഗം
അവാര്‍ഡുകള്‍
1. മികച്ച ചിത്രം – ആവാസവ്യൂഹം
സംവിധായകന്‍ – കൃഷാന്ദ് ആര്‍.കെ
നിര്‍മ്മാതാവ് – കൃഷാന്ദ് ആര്‍.കെ
(നിര്‍മ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും,
സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഭൂമുഖത്തെ ജീവജാലങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. നര്‍മ്മരസമാര്‍ന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം.
2. മികച്ച രണ്ടാമത്തെ ചിത്രം – 1. ചവിട്ട്
2. നിഷിദ്ധോ
സംവിധായകര്‍ – 1. സജാസ് റഹ്മാന്‍, ഷിനോസ് റഹ്മാന്‍
(റഹ്മാന്‍ ബ്രദേഴ്‌സ്)
2. താര രാമാനുജന്‍
നിര്‍മ്മാതാക്കള്‍ – 1. ഷറഫുദ്ദീന്‍ ഇ.കെ
2. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍
(നിര്‍മ്മാതാക്കള്‍ക്ക് 75,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം,
സംവിധായകര്‍ക്ക് 75,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
1. ചവിട്ട്: ഒരു പൊതു ഇടത്തില്‍ അവസരം നിഷേധിക്കപ്പെടുന്ന ഒരു സംഘം നാടക പ്രവര്‍ത്തകരുടെ അനുഭവങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ആഖ്യാനങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രം.
2. നിഷിദ്ധോ: കുടിയേറ്റതൊഴിലാളികളുടെ ആന്തരികലോകങ്ങളെ തീക്ഷ്ണമായി ആവിഷ്‌കരിക്കുന്ന ചിത്രം. സമാനമായ അനുഭവങ്ങള്‍ പങ്കിടുന്നവര്‍ ഭാഷ, സ്വത്വം, അതിജീവനം എന്നീ പ്രതിബന്ധങ്ങളെ മനുഷ്യബന്ധങ്ങളിലൂടെ മറികടക്കുന്നതിന്റെ ശക്തമായ ആവിഷ്‌കാരം.
3. മികച്ച സംവിധായകന്‍ – ദിലീഷ് പോത്തന്‍
ചിത്രം – ജോജി
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഹിംസാത്മകമായ ആണധികാര വ്യവസ്ഥ നിലവിലിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശില്‍പ്പഭദ്രമായ പ്രയോഗത്തിന്.
4. മികച്ച നടന്‍ – 1. ബിജു മേനോന്‍
2. ജോജു ജോര്‍ജ്
ചിത്രങ്ങള്‍ – 1. ആര്‍ക്കറിയാം
2. നായാട്ട്, മധുരം,
തുറമുഖം, ഫ്രീഡം ഫൈറ്റ്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
1. ബിജുമേനോന്‍ : പ്രായമേറിയ ഒരു മനുഷ്യന്റെ ശരീരഭാഷയും സങ്കീര്‍ണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്‌നലളിതമായി ആവിഷ്‌കരിച്ച അഭിനയമികവിന്.
2. ജോജു ജോര്‍ജ്ജ് : വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പോലീസ് ഉദ്യോഗസ്ഥന്റെ ധാര്‍മ്മിക പ്രതിസന്ധികളും ഓര്‍മ്മകള്‍ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗര്‍ബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിന്.
5. മികച്ച നടി – രേവതി
ചിത്രം – ഭൂതകാലം
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേര്‍ന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെണ്‍മനസ്സിന്റെ വിഹ്വലതകളെ അതിസൂക്ഷ്മമായ ഭാവപ്പകര്‍ച്ചയില്‍ പ്രതിഫലിപ്പിച്ച അഭിനയ മികവിന്.
6. മികച്ച സ്വഭാവനടന്‍ – സുമേഷ് മൂര്‍
ചിത്രം – കള
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പാര്‍ശ്വവത്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്ത മനുഷ്യന്റെ ആദിമവും പ്രാക്തനവുമായ രോഷാഗ്നിയെ ശരീരഭാഷയില്‍ പടര്‍ത്തിയ ഉജ്വലമായ അഭിനയ മികവിന്.
7. മികച്ച സ്വഭാവനടി – ഉണ്ണിമായ പ്രസാദ്
ചിത്രം – ജോജി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
തികഞ്ഞ പുരുഷാധിപത്യം പുലരുന്ന ഒരു കുടുംബാന്തരീക്ഷത്തില്‍ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും കുറ്റകൃത്യങ്ങളില്‍ നിശ്ശബ്ദമായി പങ്കാളിയാകാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ധാര്‍മ്മിക പ്രതിസന്ധികളുടെ നിയന്ത്രിതമായ ഭാവാവിഷ്‌കാരത്തിന്.
8. മികച്ച ബാലതാരം (ആണ്‍) – മാസ്റ്റര്‍ ആദിത്യന്‍
ചിത്രം – നിറയെ തത്തകള്‍ ഉള്ള മരം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സ്വന്തം ജീവിതത്തില്‍ സ്‌നേഹവും പരിചരണവുമെല്ലാം നിഷേധിക്കപ്പെട്ടിട്ടും തികച്ചും അപരിചിതനായ ഒരു അന്ധവൃദ്ധന് അവയെല്ലാം നല്‍കുന്ന ഒരു ബാലന്റെ നിസ്വാര്‍ത്ഥമായ ജീവിതം പകര്‍ത്തിയ അഭിനയ മികവിന്.
9. മികച്ച ബാലതാരം (പെണ്‍) – സ്‌നേഹ അനു
ചിത്രം – തല
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു മഹാനഗരത്തിലെ ചേരിപ്രദേശത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അരക്ഷിതമായ ജീവിതവും അതിജീവനശ്രമങ്ങളും ഹൃദയഹാരിയായി അവതരിപ്പിച്ച അഭിനയ മികവിന്.
10. മികച്ച കഥാകൃത്ത് – ഷാഹി കബീര്‍
ചിത്രം – നായാട്ട്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വ്യവസ്ഥിതിയുടെ മനുഷ്യത്വവിരുദ്ധവും ദയാരഹിതവുമായ നടപടികള്‍, നീതിനിഷേധം, നിയമപാലനത്തിന്റെ ഇരുണ്ട മറുപുറങ്ങള്‍ എന്നീ യാഥാര്‍ത്ഥ്യങ്ങളെ ഉദ്വേഗജനകമായ കഥയായി പരിവര്‍ത്തിപ്പിച്ച രചനാ മികവിന്.
11. മികച്ച ഛായാഗ്രാഹകന്‍ – മധു നീലകണ്ഠന്‍
ചിത്രം – ചുരുളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ദുഷ്‌കരവും വന്യവുമായ കഥാന്തരീക്ഷത്തിന് ഇണങ്ങുന്ന വിധത്തിലുള്ള വെളിച്ചവിന്യാസവും ക്യാമറചലനങ്ങളും കൊണ്ട് കാഴ്ചകള്‍ പകര്‍ത്തി, ആഖ്യാനത്തിന് അനിവാര്യമായ ദൃശ്യാനുഭവം പകര്‍ന്ന ഛായാഗ്രഹണ മികവിന്.
12. മികച്ച തിരക്കഥാകൃത്ത് – കൃഷാന്ദ്.ആര്‍.കെ
ചിത്രം – ആവാസവ്യൂഹം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പരിഷ്‌കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അംസബന്ധങ്ങളും ക്രൂരതകളും നര്‍മ്മത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ട് ഒരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാമികവിന്.
13. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍
ചിത്രം – ജോജി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വില്യം ഷേക്‌സ്പിയറിന്റെ ക്ലാസിക് രചനയായ മാക്‌ബെത്തിന്റെ കഥാന്തരീക്ഷത്തെ ആണധികാരത്തിന്റെ ഉഗ്രശാസനകള്‍ നടപ്പാക്കുന്ന ഒരു കേരളീയ കുടുംബത്തിലേക്ക് പറിച്ചുനട്ടപ്പോഴും നാടകീയ സ്വഭാവത്തിന്റെ നിഴല്‍പോലുമില്ലാതെ അരങ്ങില്‍ നിന്ന് തിരശ്ശീലയിലേക്ക് അനുവര്‍ത്തനം നടത്തിയ രചനാമികവിന്.
14. മികച്ച ഗാനരചയിതാവ് – ബി.കെ.ഹരിനാരായണന്‍
ഗാനം – ‘കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍
പെറ്റുണ്ടായ…’
ചിത്രം – കാടകലം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മനുഷ്യനും കാടും തമ്മിലുള്ള ആദിമവും ജൈവികവുമായ ബന്ധത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബിംബകല്‍പ്പനകളാല്‍ സമൃദ്ധമായ കാവ്യാത്മകവും അര്‍ത്ഥസമ്പുഷ്ടവുമായ വരികള്‍. കാവ്യഗുണം ചോരാതെ തന്നെ കഥാസന്ദര്‍ഭത്തിനിണങ്ങുന്നവിധം ഈ നഷ്ടബന്ധം വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുന്ന രചനാ മികവിന്.
15. മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍) – ഹിഷാം അബ്ദുല്‍ വഹാബ്
ഗാനം – എല്ലാ ഗാനങ്ങളും
ചിത്രം – ഹൃദയം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ജാസ്, സൂഫി, കര്‍ണാട്ടിക് സംഗീതധാരകളെ അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട്, മലയാളം, തമിഴ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി, വൈവിധ്യമാര്‍ന്ന വികാരങ്ങളെ അയത്‌നലളിതമായി അവതരിപ്പിച്ച സംഗീതസംവിധാന പാടവത്തിന്.
16. മികച്ച സംഗീത സംവിധായകന്‍ – ജസ്റ്റിന്‍ വര്‍ഗീസ്
(പശ്ചാത്തല സംഗീതം)
ചിത്രം – ജോജി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപശ്ചാത്തലത്തിനും ആഖ്യാനത്തിനും തികച്ചും അനുഗുണമായ വിധത്തില്‍ ദൃശ്യാനുഭവത്തെ തീക്ഷ്ണമാക്കുന്ന സംഗീതം സന്നിവേശിപ്പിച്ചതിന്.
17. മികച്ച പിന്നണി ഗായകന്‍ – പ്രദീപ് കുമാര്‍
ഗാനം – ‘രാവില്‍ മയങ്ങുമീ പൂമടിയില്‍…’
ചിത്രം – മിന്നല്‍ മുരളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രേക്ഷകനില്‍ പ്രതിനായകനോട് അനുതാപം ജനിപ്പിക്കുന്ന വിധം അയാളുടെ മാനസികവ്യഥകളെ പ്രതിഫലിപ്പിക്കുന്ന വികാരനിര്‍ഭരമായ ആലാപന ചാരുതയ്ക്ക്.
18. മികച്ച പിന്നണി ഗായിക – സിതാര കൃഷ്ണകുമാര്‍
ഗാനം – ‘പാല്‍നിലാവിന്‍ പൊയ്കയില്‍…’
ചിത്രം – കാണെക്കാണെ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപാത്രത്തിന്റെ വൈകാരികലോകത്തെ നിയന്ത്രിതമായ സ്വരധാരയില്‍ അതിമധുരമായ ആലാപന ശൈലിയിലൂടെ ആവിഷ്‌കരിച്ചതിന്.
19. മികച്ച ചിത്രസംയോജകന്‍ – 1. മഹേഷ് നാരായണന്‍
2. രാജേഷ് രാജേന്ദ്രന്‍
ചിത്രം – നായാട്ട്
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
പ്രമേയത്തിന്റെ ആഖ്യാനത്തിനും പരിചരണത്തിനും അനുയോജ്യമായ വിധത്തില്‍ നിശ്ശബ്ദതയും പ്രക്ഷുബ്ധതയും അനുഭവിപ്പിച്ചുകൊണ്ട് ദൃശ്യഖണ്ഡങ്ങളെ ചടുലമായി കൂട്ടിയിണക്കിയ സംയോജനപാടവത്തിന്.
20. മികച്ച കലാസംവിധായകന്‍ – ഗോകുല്‍ദാസ് എ.വി
ചിത്രം – തുറമുഖം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പും പിന്‍പുമുള്ള കഥയുടെ കാലം, ദേശം, എന്നിവയ്ക്ക് തികച്ചും അനുഗുണമായവിധത്തില്‍ യഥാതഥവും സ്വാഭാവികവുമായി പശ്ചാത്തല രൂപകല്‍പ്പന നിര്‍വഹിച്ച കലാമികവിന്.
21. മികച്ച സിങ്ക്് സൗണ്ട് – 1. അരുണ്‍ അശോക്
2. സോനു.കെ.പി
ചിത്രം – ചവിട്ട്
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
ചിത്രത്തിന്റെ ആഖ്യാനത്തിന്റെ അവിഭാജ്യഘടകമായി വര്‍ത്തിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ അതിസൂക്ഷ്മമായ പ്രകടനങ്ങളെ കൃത്യമായി പകര്‍ത്തുന്ന തല്‍സമയ ശബ്ദലേഖന മികവിന്.
22. മികച്ച ശബ്ദമിശ്രണം – ജസ്റ്റിന്‍ ജോസ്
ചിത്രം – മിന്നല്‍ മുരളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ആഖ്യാനത്തിലെ ഓരോ ഘടകത്തോടും നീതി പുലര്‍ത്തിക്കൊണ്ട് പതിവുശബ്ദങ്ങളും അതിമാനുഷ ആക്ഷന്‍ രംഗങ്ങളിലെ പശ്ചാത്തല ശബ്ദങ്ങളും അതിവിദഗ്ധമായി കൂട്ടിയിണക്കിയ ശബ്ദമിശ്രണ മികവിന്.
23. മികച്ച ശബ്ദരൂപകല്‍പ്പന – രംഗനാഥ് രവി
ചിത്രം – ചുരുളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മിഥ്യയും യാഥാര്‍ത്ഥ്യവും ഇടകലരുന്ന വിചിത്രമായ കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളെ പ്രമേയത്തിന് അനുഗുണമായി രൂപകല്‍പ്പന ചെയ്ത മികവിന്.
24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് – ലിജു പ്രഭാകര്‍,
രംഗ്‌റേയ്‌സ് മീഡിയ വര്‍ക്‌സ്
ചിത്രം – ചുരുളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഛായാഗ്രഹണകലയെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന വിധത്തില്‍, സ്ഥിരതയാര്‍ന്ന വര്‍ണ സന്തുലനം പാലിച്ച് ദൃശ്യപരമായ മൂല്യവര്‍ധന പകര്‍ന്നുകൊണ്ട് ചിത്രത്തെ ലാവണ്യാത്മകമായ കാഴ്ചാനുഭവമായി ഉയര്‍ത്തിയ നിറപരിചരണ മികവിന്.
25. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് – രഞ്ജിത് അമ്പാടി
ചിത്രം – ആര്‍ക്കറിയാം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വാര്‍ധക്യം പൂര്‍ണമായും പ്രതിഫലിക്കുന്ന വിധം തികച്ചും വിശ്വസനീയമായി
ബിജു മേനോന്റെ മുഖ്യകഥാപാത്രത്തെ അണിയിച്ചൊരുക്കിയ ചമയ വൈദഗ്ധ്യത്തിന്.
26. മികച്ച വസ്ത്രാലങ്കാരം – മെല്‍വി.ജെ
ചിത്രം – മിന്നല്‍ മുരളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സൂപ്പര്‍ ഹീറോ ജനുസ്സില്‍പെടുന്ന ഒരു ഫാന്റസി ചിത്രത്തിന്റെ സവിശേഷ സ്വഭാവത്തിനും കഥ നടക്കുന്ന കാലപശ്ചാത്തലത്തിനും ഉതകുന്ന വിധം കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.
27. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)
ഈ വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ പ്രകടനങ്ങളൊന്നുമില്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.
28. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) – ദേവി.എസ്
ചിത്രം – ദൃശ്യം 2
കഥാപാത്രം – റാണി (മീന)
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു മധ്യവര്‍ഗ കുടുംബത്തിലെ അമ്മയുടെ ആത്മസംഘര്‍ഷങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ നടി മീനയുടെ റാണി എന്ന കഥാപാത്രത്തിന്റെ ഭാവത്തിനും വികാരത്തിനും അനുസൃതമായി ശബ്ദം പകര്‍ന്ന മികവിന്.
29. മികച്ച നൃത്തസംവിധാനം – അരുണ്‍ലാല്‍
ചിത്രം – ചവിട്ട്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
നാടകകലാകാരന്മാരുടെ പരിശീലന പ്രകടനങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലത്തിന് അനുയോജ്യമായ ചുവടുകള്‍ ഒരുക്കിയ നൃത്തസംവിധാന പാടവത്തിന്.
30. ജനപ്രീതിയും കലാമേന്മയുമുള്ള – ഹൃദയം
മികച്ച ചിത്രത്തിനുള്ള
പ്രത്യേക അവാര്‍ഡ്
നിര്‍മ്മാതാവ് – വിശാഖ് സുബ്രഹ്മണ്യം
സംവിധായകന്‍ – വിനീത് ശ്രീനിവാസന്‍
(നിര്‍മ്മാതാവിന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രണയവും പ്രണയനഷ്ടവും വിദ്യാര്‍ത്ഥി ജീവിതകാലത്തെ സംബന്ധിച്ച ഗൃഹാതുരതയും നിറഞ്ഞ ഇന്ത്യന്‍ ജനപ്രിയ ചലച്ചിത്രാഖ്യാനങ്ങളുടെ പതിവ് മാതൃകകളെ പിന്‍പറ്റുമ്പോഴും ശബ്ദം, ദൃശ്യം, സംഗീതം, വര്‍ണപരിചരണം, കലാസംവിധാനം എന്നീ ഘടകങ്ങളില്‍ കലാപരമായ ഔന്നത്യം പുലര്‍ത്തുന്ന ചിത്രം.
31. മികച്ച നവാഗത സംവിധായകന്‍ – കൃഷ്‌ണേന്ദു കലേഷ്
ചിത്രം – പ്രാപ്പെട
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
നൂതനമായ ചലച്ചിത്രഭാഷയും മൗലികമായ പ്രമേയവും വ്യതിരിക്തമായ ശൈലിയും കൊണ്ട് സിനിമയെന്ന മാധ്യമത്തെ പരീക്ഷണാത്മകമായി സമീപിക്കുന്ന സംവിധാന മികവിന്.
32. മികച്ച കുട്ടികളുടെ ചിത്രം – കാടകലം
നിര്‍മ്മാതാവ് – സുബിന്‍ ജോസഫ്
സംവിധായകന്‍ – സഖില്‍ രവീന്ദ്രന്‍
(നിര്‍മ്മാതാവിന് 3,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കാടിനെയും പ്രകൃതിയെയും മാതാപിതാക്കന്മാരായി കാണുകയും നഗരത്തിലെ സ്‌കൂളില്‍ നിന്ന് തന്റെ വംശവൃക്ഷത്തിന്റെ ആദിമ വേരുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന ഒരു കുട്ടിയുടെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രം.
33. മികച്ച വിഷ്വല്‍ എഫക്ട്‌സ് – ആന്‍ഡ്രൂ ഡിക്രൂസ്
ചിത്രം – മിന്നല്‍ മുരളി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു തദ്ദേശീയ സൂപ്പര്‍ഹീറോവിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലത്തിന് അനിവാര്യമായ ദൃശ്യസാങ്കേതികത്തികവ് പകര്‍ന്ന കലാപരമായ വൈദഗ്ധ്യത്തിന്.
34. സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ – നേഘ. എസ്
വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക
അവാര്‍ഡ്
ചിത്രം – അന്തരം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
തെരുവുജീവിതത്തില്‍ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ഒരു ട്രാന്‍സ്‌വുമണ്‍ കഥാപാത്രത്തിന്റെ ആത്മസംഘര്‍ഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിന്.
35. പ്രത്യേക ജൂറി അവാര്‍ഡ്
കഥ, തിരക്കഥ – ഷെറി ഗോവിന്ദന്‍
ചിത്രം – അവനോവിലോന
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മനുഷ്യരിലെ വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനും സഹജീവികളോട് സഹാനുഭൂതിയോടെയുള്ള സഹവര്‍ത്തിത്വത്തിനായി നിലകൊള്ളാനും പ്രേരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതിന്.
പ്രത്യേക ജൂറി പരാമര്‍ശം
ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
(ശില്പവും പ്രശസ്തിപത്രവും)
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടി ശബ്ദിക്കുന്ന
5 ചലചിത്രങ്ങളുടെ സമാഹാരത്തിന്റെ ഏകോപനം നിര്‍വ്വഹിച്ചതിന്.