അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; തിരക്കഥയില്‍ മാറ്റം, നായകനായി താന്‍ മാത്രം മതിയെന്ന് പവന്‍ കല്യാണ്‍

സൂപ്പര്‍ ഹിറ്റ് ചിത്രം “അയ്യപ്പനും കോശിയും” തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ തിരക്കഥയില്‍ പൂര്‍ണമായ മാറ്റം വേണമെന്ന് നിര്‍ദേശിച്ച് നടന്‍ പവന്‍ കല്യാണ്‍. ക്ലൈമാക്‌സ് അടക്കം തിരക്കഥ പൊളിച്ചെഴുതണം എന്ന് പവന്‍ കല്യാണ്‍ നിര്‍ദേശിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

തെലുങ്ക് റീമേക്കില്‍ കേന്ദ്ര കഥാപാത്രമായാണ് പവന്‍ കല്യാണ്‍ വേഷമിടുന്നത്. രണ്ടാമത്തെ കേന്ദ്ര കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യം ഉണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് നായക കഥാപാത്രങ്ങള്‍ എന്ന തിരക്കഥ തിരുത്തി നായകന്‍, പ്രതിനായകന്‍ എന്ന നിലയിലേക്ക് മാറ്റിയെഴുതണം എന്നാണ് പവന്‍ കല്യാണിന്റെ നിര്‍ദേശം.

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് അവകാശം വിറ്റു പോയിരുന്നു.

Read more

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് സാഗര്‍ ചന്ദ്ര ആണ്. ത്രിവിക്രം ശ്രീനിവാസ് ആണ് സംഭാഷണങ്ങള്‍ ഒരുക്കുന്നത്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നാഗ വസ്മിയാണ് നിര്‍മ്മാണം.