വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൂടാതെ മലയാളത്തിൽ നിന്നും അസീസ് നെടുമങ്ങാടും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന്റെ ഭാഗമായുള്ള അഭിമുഖത്തിൽ അസീസ് നെടുമാങ്ങാടിനെ കുറിച്ച് കനി പറയുന്ന വീഡിയോയിലൂടെയാണ് അസീസും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടെന്ന് പ്രേക്ഷകർ അറിയുന്നത്. നിരവധി പേരാണ് അസീസിന് ആശംസകളുമായി എത്തുന്നത്.
മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
ഗ്രേറ്റ ഗെർവിഗ്, ഇബ്രു സെയ്ലാൻ, ഇവ ഗ്രീൻ, നദീൻ ലബാക്കി, ഹിറോകാസു കൊറീ ഇഡ, ലില്ലി ഗ്ലാഡ്സ്റ്റൺ തുടങ്ങീ ലോക സിനിമയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
സീൻ ബെക്കർ സംവിധാനം ചെയ്ത ‘അനോറ’ എന്ന ചിത്രമാണ് ഗോൾഡൻ പാം സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാൻഡ് ടൂർ എന്ന ചിത്രത്തിലൂടെ മിഗ്വേൽ ഗോമസാണ് ഇത്തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.
യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ലോകോത്തര ഫിലിംമേക്കേഴ്സിന്റെ ചിത്രങ്ങളെ പുറംന്തള്ളിയാണ് പായൽ കപാഡിയയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായൽ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രം മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റുവാങ്ങിയിരുന്നു.