“അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ -ബാബുരാജ് ഓർമകൾക്ക് 41 വയസ്
മലയാളത്തിലെ എക്കാലത്തെയും മികച്ച ഈണങ്ങളുടെ സൃഷ്ട്ടാവിന്റെ ഓർമ്മക്ക് ഇന്ന് 41 വയസ്സ്. 1978 ഇത് ഇത് പോലൊരു ഒക്ടോബർ 7 നാണു മലയാളികൾ സ്നേഹത്തോടെ ബാബുക്ക എന്ന് വിളിക്കുന്ന എം എസ് ബാബുരാജ് ഓർമ ആയത്. 96 സിനിമകളിലായി സംഗീതം നൽകിയത് 600 ലേറെ ഗാനങ്ങൾക്ക്ഈണമിട്ടു മലയാള സിനിമാ ഗാനശാഖയെ അനശ്വരതയിലേക്ക് ഉയർത്തിയാണ് എസ് എസ് ബാബുരാജ് ഈ ലോകം വിട്ടു പോയത്.
മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജ് 1921 മാർച്ച് 29 നു കോഴിക്കോട് ആണ് ജനിച്ചത്. പിതാവ് ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ആയിരുന്ന ജാൻ മുഹമ്മദ് സാഹിബ് ഉപേക്ഷിച്ചു പോയതോടെ കടുത്ത ദാരിദ്ര്യത്തെ അതിജീവിക്കാനുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. . കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ആയിരുന്നു ബാബുരാജ് ജീവിച്ചിരുന്നത്. ഇത് കണ്ട ഒരു പോലീസുകാരൻ ബാബുരാജിനെ ദത്തെടുത്തു. പിന്നീട് കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട് സംഗീതം നൽകാനുള്ള കഴിവ് അദ്ദേഹത്തെ ആ നഗരത്തിനു പ്രിയപ്പെട്ടവനാക്കി. ഈ വേദികൾ ആണ് ബാബുരാജിന് നാടകത്തിലേക്കും പിന്നീട സിനിമയിലേക്കും ഉള്ള വഴി തെളിച്ചത്.
1957 ൽ പുറത്തിറങ്ങിയ മിന്നാമിനുങ് എന്ന ചിത്രത്തിനായാണ് ബാബുരാജ് ആദ്യമായി സംഗീതം ചെയ്തത്. പിന്നീട് വളരെ കുറഞ്ഞ കാലo കൊണ്ട് തന്നെ ബാബുരാജിന്റെ ഈണങ്ങൾ സിനിമയുടെ അവിഭാജ്യ ഘടകമായി മാറി തുടങ്ങി. മലയാളത്തിലെ ഏറ്റവും ഭാവ സമൃദ്ധമായ ഈണങ്ങൾ പുറത്തിറങ്ങിയ അറുപതുകൾ അടയാളപ്പെടുത്തപ്പെട്ടതു ബാബുരാജിന്റെ പേരിൽ കൂടി ആയിരുന്നു. 1964 ൽ പുറത്തിറങ്ങിയ ഭാർഗവി നിലയം പാട്ടുകൾ കൊണ്ടാവാം ഒരുപക്ഷെ ഏറ്റവുമധികം ഓർക്കപ്പെടുന്നത്. “താമസമെന്തേ വരുവാൻ”, “വാസന്ത പഞ്ചമിനാളിൽ”, “പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു”, “അറബിക്കടലൊരു മണവാളൻ”, “ഏകാന്തതയുടെ അപാരതീരം” ..ഒരേയൊരു സിനിമ മലയാളികൾക്ക് തന്ന ഈണങ്ങൾ ആണ്. “ഒരു പുഷ്പം മാത്രം” , “അന്ന് നിന്റെ നുണക്കുഴി” , “സൂര്യകാന്തി” , “അനുരാഗ ഗാനം പോലെ ” , “ഇന്നലെ മയങ്ങുമ്പോൾ”, “കണ്ണീരും സ്വപ്നങ്ങളും”, “അനുരാഗ നാടകത്തിൻ” , “സുറുമയെഴുതിയ” , “പാതിരാവായില്ല” “അകലെ അകലെ “, “താമര കുമ്പിളല്ലോ” , “കോട്ടും ഞാൻ കെട്ടില്ലാ, “അഞ്ജന കണ്ണെഴുതി” ..ബാബുരാജിന്റെ കാലാതിവർത്തിയായ ഗാനങ്ങൾ പോലും പറഞ്ഞു തീർക്കാൻ ഈയിടം തികയില്ല.
ബാബുരാജിന്റെ മിക്ക ഗാനങ്ങളും എഴുതിയത് പി ഭാസ്കരൻ മാഷ് ആയിരുന്നു. വയലാർ, ഒ എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി എന്നിവരും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. ബാബുരാജിന്റെ ഈണങ്ങൾ യേശുദാസിന്റെ കരിയറിനെ എങ്ങനെ വാർത്തെടുത്തു എന്നോർത്താൽ മതി അദ്ദേഹത്തെ അടയാളപ്പെടുത്താൻ.ജയചന്ദ്രൻ എന്ന ഗന്ധർവ ഗായകനെയും മലയാളിക്ക് ഇത്ര പരിചിതൻ ആക്കിയത് ബാബുക്കയുടെ ഈണങ്ങൾ ആണ്. പ്രിയപ്പെട്ട ഈണങ്ങളിൽ ഒന്നും പോലും ബാബുരാജിന്റെ അല്ലാത്ത മലയാളികളും കുറവായിരിക്കും. ആഹിർ ഭൈരവിയും ബിംപ്ളസും പോലുള്ള ഹിന്ദുസ്ഥാനി രാഗങ്ങളെ ഇത്രയും മൃദുവായ സംഗീതാനുഭവമാക്കി മാറ്റിയതാന് അദ്ദേഹത്തിൻറെ മറ്റൊരു സംഭാവന.
കലകളിൽ ഏറ്റവും ശ്രേഷ്ടമായത് സംഗീതമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മലയാള സിനിമയിൽ ബാബുരാജിനോളം പോന്ന കലാകാരന്മാർ കുറവായിരിക്കും. തലമുറകൾ അദ്ദേഹത്തിൻറെ പ്രണയവും വിരഹവും ഭക്തിയും നിറഞ്ഞ പാടിപ്പോരുന്നു.അതിന്റെ ഈണങ്ങളിൽ അത്ഭുതോടെ നോക്കി നിൽക്കുന്നു, അത് പോലൊന്ന് വീണ്ടും ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നു. ഒരു ഹാർമോണിയത്തിൽ പാതിമുറിഞ്ഞ അദ്ദേഹത്തിൻറെ ശബ്ദം ഇന്നും സമാനതകൾ ഇല്ലാതെ നിലനിൽക്കുന്നു. സംഗീതം കൊണ്ട് ഏറ്റവും സമ്പന്നൻ ആയ ബാബുക്ക അങ്ങനെ അതിജീവിക്കുന്നു.