കാര്‍ഗില്‍ യുദ്ധത്തിന്റെ 22ാം വാര്‍ഷികത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. മേജര്‍ രവി സംവിധാനം ചെയ്ത കുരുക്ഷേത്ര എന്ന സിനിമയുടെ ഭാഗമായി യുദ്ധം നടന്ന പ്രദേശങ്ങളില്‍ താന്‍ പോയിട്ടുണ്ടെന്നും അവിടെ ജോലി ചെയ്യുന്ന സൈനികരുടെ ബുദ്ധിമുട്ട് എന്താണെന്ന മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
ബാദുഷയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
കാര്‍ഗില്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. മഞ്ഞിന്റെയും മലമടക്കുകളുടെയും ഭീരുത്വത്തിന്റെയും മറവില്‍ നമ്മുടെ മണ്ണ് സ്വന്തമാക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് നാം കൊടുത്ത തിരിച്ചടിക്ക് ഇന്ന് 22 വയസ്. അതെ,ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി ഓര്‍മ്മപ്പെടുത്തുന്ന കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 22 വയസ്.
1999 മേയ് മുതല്‍ ജൂലൈ വരെ നടന്ന യുദ്ധത്തിലാണ് ഇന്ത്യ പാകിസ്ഥാനു മേല്‍ വിജയം നേടിയത്.
“ഓപ്പറേഷന്‍ വിജയ്” എന്ന പേരില്‍ കരസേനയും “ഓപ്പറേഷന്‍ സഫേദ് സാഗര്‍” എന്ന പേരില്‍ വ്യോമസേനയും അണിനിരന്ന പോരാട്ടത്തിനൊടുവില്‍ ജൂലൈ 26 നു കാര്‍ഗിലില്‍ മലനിരകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക പാറി.
ഇന്ത്യന്‍ വിജയത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ഓര്‍മയിലാണ് ജൂലായ് 26 – കാര്‍ഗില്‍ വിജയദിവസമായി രാജ്യം ആചരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് 16000 മുതല്‍ 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു.
പ്രദേശവാസികളായ ആട്ടിടയരില്‍നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം “ഓപ്പറേഷന്‍ വിജയ്” ആരംഭിച്ചത്. പാക്കിസ്ഥാന്‍ പിടിച്ചടക്കിയ പ്രദേശങ്ങളെല്ലാം ഇന്ത്യന്‍ സേന തിരിച്ചുപിടിച്ചു. അതിനിടെ നമ്മുടെ 559 ധീര ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ വീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍.
യുദ്ധം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മേജര്‍ രവി സാറിന്റെ “കുരുക്ഷേത്ര” എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. ഈ മണ്ണില്‍ നമ്മുടെ പട്ടാളക്കാര്‍ എത്രത്തോളം ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നത് എന്നു മനസിലായി. അവരുടെ സേവനത്തിന്റെ വിലയാണ് നമ്മുടെയൊക്കെ ജീവിതം. വീര ജവാന്മാര്‍ക്ക് സല്യൂട്ട്.