തെലുങ്ക് സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്താണ് സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ പിതാവും സംവിധായകനുമായ വിജയേന്ദ്ര പ്രസാദ്. സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന് തിരക്കഥ എഴുതിയതോടെയാണ് വിജയേന്ദ്ര പ്രസാദ് ബോളിവുഡിലും ഹിറ്റായി. ബജ്‌റംഗി ഭായ്ജാന്‍ 2-വിന് വേണ്ടിയാണ് വിജയേന്ദ്ര പ്രസാദ് ഇനി തിരക്കഥ ഒരുക്കുക.
ബജ്‌റംഗി ഭായ്ജാനുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ ‘മോഷണ’ത്തെ കുറിച്ച് വിജയേന്ദ്ര പ്രസാദ് പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ ഒരുക്കിയ ചിത്രത്തില്‍ നിന്നാണ് ബജ്‌റംഗി ഭായ്ജാന് കഥ ഒരുക്കിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.
ബജ്‌റംഗി ഭായ്ജാന്‍ ഇറങ്ങിയ ശേഷം ഒരിക്കല്‍ കേരളത്തില്‍ എത്തിയപ്പോള്‍ വിജയേന്ദ്ര പ്രസാദ് ഫാസിലിനെ കണ്ടു. സൗഹൃദം പുതുക്കുന്നതിനിടെ ബജ്‌റംഗി തനിക്കേറെ ഇഷ്ടപ്പെട്ടതായി ഫാസില്‍ പറഞ്ഞു. ഇത്തരമൊരു മനോഹര കഥ എങ്ങനെ കിട്ടിയെന്ന് ഫാസില്‍ ചോദിച്ചപ്പോള്‍, അതു താങ്കള്‍ തന്നെ തന്ന കഥയാണല്ലോ എന്നായിരുന്നു മറുപടി.
മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’ (1986) ആണ് ബജ്‌റംഗി ഭായ്ജാന് ആധാരം. തന്റെ അസിസ്റ്റന്റ്‌സിനൊപ്പം ഒരിക്കല്‍ ഈ ചിത്രം കാണുമ്പോഴാണ് ഇതിന്റെ പ്രമേയം വിജയേന്ദ്ര പ്രസാദിനെ ആകര്‍ഷിച്ചത്.
ഏറെക്കാലം മനസില്‍ കിടന്ന ആ വണ്‍ലൈനാണ് താന്‍ മറ്റൊരു തരത്തില്‍ ബജ്‌റംഗി ഭായ്ജാന്‍ ആക്കി മാറ്റിയതെന്നാണ് ഫാസിലിനോട് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. അന്യഭാഷകളിലും റീമേക്ക് ചെയ്ത ചിത്രമാണ് പൂവിനു പുതിയ പൂന്തെന്നല്‍.