സ്വത സിദ്ധമായ അഭിനയ ശൈലികൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനമുണ്ടാക്കിയെടുത്ത നടനാണ് നെടുമുടി വേണു. കഴിഞ്ഞ ദിവസം നെടുമുടി വേണുവിന്റെ രണ്ടാം ചരമവാർഷികമായിരുന്നു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം ഒരുക്കിയ നെടുമുടി വേണു അനുസ്മരണ ചടങ്ങിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും നെടുമുടി വേണുവിനെ അനുസ്മരിച്ചു.
സൂക്ഷമായ ജീവിത നിരീക്ഷണത്തിന്റെ കരുത്താണ് തകരയിലെ ചെല്ലപ്പനാശാരി മുതൽ അവസാനം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
“രൂപത്തിലും ഭാവത്തിലും വൈവിധ്യമുള്ള അനവധി കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിച്ച നടനാണ് നെടുമുടി വേണു. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയിൽ ശങ്കരകുറുപ്പിനും കുഞ്ഞിരാമൻ നായർക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോൾ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്തുവന്ന് പത്രലേഖകനായ വേണുഗോപാൽ എന്ന് സ്വയം പരിചയപ്പെടുത്തി.
എന്റെ മുഷിഞ്ഞ വേഷം കണ്ട് എനിക്ക് പുതിയ ഷർട്ടും മുണ്ടും വാങ്ങിതന്നു. സ്വന്തം മുറിയിൽ താമസിപ്പിച്ചു. വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ട് പറഞ്ഞു, ഇത് വേണുച്ചേട്ടൻ അവസാനമായി വണങ്ങിയതാണ് ഇത് ബാലനിരിക്കട്ടെ. ആ പാക്കറ്റിൽ മൂന്ന് ഷർട്ടായിരുന്നു. എന്റെ കണ്ണു നിറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത്.” ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
സംവിധായകരായ കമൽ, സിബി മലയിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് പി. പ്രകാശ് അധ്യക്ഷത വഹിച്ചു. ടി.ജി. രവികുമാർ സ്വാഗതവും മേജർ നാരായണൻ നന്ദിയും പറഞ്ഞു.