ടോക്സിസിറ്റി പടർത്തുന്ന 'അനിമൽ'; ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യം

‘അർജുൻ റെഡ്ഡി’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. രൺബിറിനെ നായകനാക്കി ‘അനിമലി’ലൂടെ ആദ്യ ചിത്രത്തിന്റെ പതിന്മടങ്ങ് ടോക്സിസിറ്റിയും സ്ത്രീവിരുദ്ധതയും വയലൻസും പുതിയ ചിത്രത്തിൽ കാത്ത് സൂക്ഷിക്കാൻ സന്ദീപ് റെഡ്ഡി നടത്തിയ ശ്രമം വിജയിച്ചിട്ടുണ്ട്.

Animal (2023) - IMDb

റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും മറ്റും ഉയർന്നു വരുന്നുണ്ട്. അതേസമയം ടെക്നിക്കലി പെർഫക്റ്റ് ആയ സിനിമയായും അനിമലിനെ പുകഴ്ത്തുന്നവരുണ്ട്. സംവിധായകൻ അനുരാഗ് കശ്യപ് ചിത്രത്തെ പ്രശംസിച്ചും, സന്ദീപ് റെഡ്ഡിയെ ന്യായീകരിച്ചും നേരത്തെ രംഗത്തു വന്നിരുന്നു.

“നിലവിൽ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട, വിലയിരുത്തപ്പെട്ട ഫിലിംമേക്കറാണ് സന്ദീപ്. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഏറ്റവും സത്യസന്ധനും ദുർബലനും സ്‌നേഹനിധിയുമായ മനുഷ്യനാണ്‌. അവനെക്കുറിച്ചോ അവന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവർ എന്ത് ചിന്തിച്ചാലും ഞാൻ അത് കാര്യമാക്കുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.
അനിമൽ ഞാൻ രണ്ട് തവണ കണ്ടു, ദീര്‍ഘകാലത്തിനിടെ ഹിന്ദി സിനിമ കണ്ട വലിയൊരു ​ഗെയിം ചേഞ്ചറാണ് അദ്ദേഹം. ആ സിനിമയുണ്ടാക്കിയ സ്വാധീനം നല്ലതാണെങ്കിലും മോശമാണെങ്കിലും നിഷേധിക്കാനാവില്ല. സന്ദീപിനൊപ്പം നല്ലൊരു സായാഹ്നം ചെലവഴിച്ചു.” എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഇത്തരമൊരു സ്റ്റേറ്റ്മെന്റിന് ശേഷം അനുരാഗ് കശ്യപിനെതിരെയും നിരവധി വിമർശനങ്ങൾ വന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിമർശനങ്ങളും തന്നെ ബാധിക്കില്ല എന്ന നിലപാടിലാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ.

ഇപ്പോൾ തിയേറ്റർ റിലീസിന് രണ്ട് മാസത്തിന് ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ് ചിത്രത്തെ. സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ ഇപ്പോൾ വിമർശനങ്ങൾ ഉയർന്നുവരുന്നത്. ടോക്സിസിറ്റിയും വയലൻസും സ്ത്രീ വിരുദ്ധതയും ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ട് തന്നെ ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെന്നാണ് ആവശ്യം.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഒരു സ്ത്രീ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. “ഞാനൊരു ഇന്ത്യക്കാരിയായ സ്ത്രീയാണ്. അനിമൽ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതിൽ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ, ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന ആശയത്തെയാണ് ഇത് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക.” എന്നാണ് അവർ കുറിച്ചത്.

നടി രാധിക ശരത്കുമാറും ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സിനിമ കണ്ടിട്ട് ആർക്കെങ്കിലും ക്രിഞ്ച് ആയി അനുഭവപ്പെട്ടിട്ടുണ്ടോ? ഒരു പ്രത്യേക സിനിമ കണ്ടിട്ട് എനിക്ക് അങ്ങനെ അനുഭവപ്പെട്ടു. വലിയ രീതിയിൽ ദേഷ്യം തോന്നുന്നു.” എന്നാണ് രാധിക ശരത്കുമാർ എക്സിൽ കുറിച്ചത്.

Read more

ഇത്രയും ടോക്സിക് ആയ ഒരു സിനിമ സമൂഹത്തെ ഇൻഫ്ലുവൻസ് ചെയ്യില്ലേ എന്ന ചോദ്യങ്ങൾ ഉയർന്നു വരുമ്പോഴും അതിനെ സംബന്ധിച്ച് ഒരു മറുപടി പറയാനോ, വിശദീകരണത്തിനോ സന്ദീപ് റെഡ്ഡി തയ്യാറായിട്ടില്ല. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് മുന്നിൽ വെച്ചാണ് ആരാധകരും ഇത്തരം വിമർശനങ്ങളെ നേരിടുന്നത്.