മോഹന്‍ലാല്‍ സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം ‘ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ ബറോസ് എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങള്‍. ബറോസ് കോട്ടയോട് സാദൃശ്യമുള്ള ഒരു കെട്ടിടത്തിനുള്ളില്‍ നില്‍ക്കുന്നതും അതിന്റെ ഭിത്തിയിലൂടെ നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയിലുള്ള ‘ഗ്രാവിറ്റി ഇല്യൂഷന്‍’ എന്ന സാങ്കേതിക വിദ്യയും ബറോസില്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായകനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ.
ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ പലതും റി ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി രൂപം മാറിയതടക്കമാണ് കാരണം. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. വിദേശിയായ ഷെയ്‌ല മാക് കഫ്രി എന്ന പെണ്‍കുട്ടിയെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്‌ല, ‘ബറോസ്’ ടീമിനൊപ്പമില്ല.
സിനിമയുടെ കാസ്റ്റിങ് കോള്‍ നടക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. ഷൂട്ടിങ് അനശ്ചിതത്വത്തിലായതോടെ കുട്ടിയുടെ പ്രായവും വളര്‍ച്ചയും തടസ്സമായി. മുംബൈ സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തന്‍, വിദേശ നടി പാസ് വേഗ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.