നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഓപ്പണിങ് ദിനത്തില്‍ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ആദ്യ ദിനം കളക്ഷനില്‍ പിന്നോട്ടില്ലെന്ന് ‘ബറോസ്’. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന് കൂടുതലും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. കുട്ടികളെ പോലും നിരാശപ്പെടുത്തും എന്ന പ്രതികരണങ്ങള്‍ വരെ എത്തിയിരുന്നു. എന്നാല്‍ ആദ്യ ദിന കളക്ഷനില്‍ മലയാളത്തിലെ പല വമ്പന്‍ സിനിമകളെയും ബറോസ് പിന്നിലാക്കിയിട്ടുണ്ട്.

ബറോസ് ആദ്യ ദിനം 3.6 കോടി രൂപ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ബോഗന്‍വില്ല’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്നീ സിനിമകളുടെ കളക്ഷന്‍ ബറോസ് മറികടന്നിരിക്കുകയാണ്. ബോഗന്‍വില്ല റിലീസിന് കളക്ഷന്‍ 3.3 കോടി രൂപയാണ് നേടിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും കളക്ഷന്‍ 3.3 കോടി രൂപയായിരുന്നു.

കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നായിരുന്നു ചില പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്നിക്കലി അത് വ്യക്തവുമാണ്, എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ, കുട്ടികള്‍ക്ക് പോലും ഇഷ്ടമാവില്ല എന്നും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

”ജനുവരി 25നും ഡിസംബര്‍ 25നും കൊല്ലത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബ് ഇട്ട അപൂര്‍വ്വ റെക്കോര്‍ഡ്” എന്നായിരുന്നു മലൈകോട്ടെ വാലിബന്‍, ബറോസ് എന്നീ സിനിമകളുടെ ചിത്രം വച്ച് ഒരു പ്രേക്ഷകന്‍ കുറിച്ചത്. അതേസമയം, ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്.

പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.