കടുത്ത നിരാശയായിരുന്നു മോഹന്‍ലാല്‍ സംവിധാനത്തില്‍ എത്തിയ ‘ബറോസ്’. 100 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആകെ ലഭിച്ച കളക്ഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ ഏറെ പ്രതീക്ഷയോടെയും വലിയ ഹൈപ്പിലുമാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
വെറും 10 കോടി രൂപ മാത്രമേ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്. മികച്ച ത്രീഡിയാണ് സിനിമയുടെത് എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ചിത്രത്തിന്റെ കഥയും വിദേശ താരങ്ങളുടെ അഭിനയവും തിയേറ്ററില്‍ വര്‍ക്ക് ആയില്ല. ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായി ലീഡ് റോളില്‍ മോഹന്‍ലാല്‍ തന്നെയാണ് വേഷമിട്ടത്.
പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്. മാര്‍ക്ക് കിലിയനും ലിഡിയന്‍ നാദസ്വരവും ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്. ബി. അജിത്ത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് പാര്‍ട്ണര്‍.