‘ബറോസ്’ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ചുള്ള സംവിധായകന്‍ ജിജോ പുന്നൂസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നതിനിടെ പുതിയ അപ്‌ഡേറ്റുമായി മോഹന്‍ലാല്‍. ‘അവതാര്‍ 2’ റിലീസിനൊപ്പം ‘ബറോസ്’ സിനിമയുടെ ട്രെയ്‌ലര്‍ കാണാനാവുമെന്ന് മോഹന്‍ലാല്‍ പറയുന്നത്.
ബറോസിന്റെ ഷൂട്ടിംഗും എഡിറ്റിംഗും കഴിഞ്ഞു. ഇനി സ്‌പെഷല്‍ എഫക്റ്റ്‌സ് ചെയ്യാനുണ്ട്. ഒരു തായ്‌ലന്‍ഡ് കമ്പനിയാണ് അത് ചെയ്യുന്നത്. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങള്‍. അവതാര്‍ 2വിനൊപ്പം ബറോസിന്റെ ട്രെയ്‌ലര്‍ കാണിക്കാന്‍ സാധിക്കട്ടെ.
ഇന്ത്യന്‍ ഭാഷകളിലെല്ലാം ചിത്രം എത്താം. ഏത് ഭാഷകളില്‍ വേണമെങ്കിലും സബ് ടൈറ്റില്‍ ചെയ്യാം എന്നാണ് റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നത്. ഡിസംബര്‍ 16ന് ആണ് അവതാര്‍ 2വിന്റെ റിലീസ്. അതേസമയം, ചിത്രത്തിന്റെ തിരക്കഥ തിരുത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജിജോ പുന്നൂസ്.
തിരക്കഥാ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ സിനിമയില്‍ ഒരു പെണ്‍കുട്ടിയായിരുന്നു പ്രധാന കഥാപാത്രമെന്നും മോഹന്‍ലാലിന്റെ ബറോസിന് രണ്ടാം സ്ഥാനം മാത്രമായിരുന്നു എന്നും ജിജോ പറയുന്നു. എന്നാല്‍ 22-ലധികം തവണയാണ് താന്‍ ആ സിനിമയുടെ തിരക്കഥ തിരുത്തിയതെന്ന് മോഹന്‍ലാല്‍ മെയ് മാസം എഴുതിയ ബ്ലോഗില്‍ പറയുന്നുണ്ട്.
ഒറിജിനല്‍ തിരക്കഥയും പ്രൊഡക്ഷന്‍ ഡിസൈനും ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍, ഡി ഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ‘കാപ്പിരി ഭൂതം’ എന്ന ആശയം പുനരാരംഭിക്കും. 2022 ഡിസംബറില്‍, ഒറിജിനല്‍ പ്രൊഡക്ഷന്‍ ഡിസൈനില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍ വെബ്‌പേജില്‍ പ്രസിദ്ധീകരിക്കും എന്നും ജിജോ പുന്നൂസ് പറയുന്നുണ്ട്.