ബേസിൽ 'കൂളസ്റ്റ് എവരിമാൻ ആക്ടർ'; പൊന്മാനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

ബേസിൽ ജോസഫ് നായകനായെത്തിയ ‘പൊന്മാൻ’ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. വളരെ യഥാർത്ഥവും വളരെ രസകരവുമായ സിനിമ. ബേസിൽ ജോസഫ് ഇന്ന് നമുക്കുള്ള ഏറ്റവും മികച്ച നടന്മാരിൽ കൂളസ്റ്റ് എവരിമാൻ ആക്ടർ ആണ്. ഇഷ്ടപ്പെട്ടു’ എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.

പൊൻമാന്റെ വിജയത്തിൽ ബേസിലിനെ അഭിനന്ദിച്ച് ടൊവിനോ തോമസ് പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘പൊൻമാന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ. കട്ട വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്! അടുത്ത പടം വമ്പൻ ഹിറ്റ് അടിക്കട്ടെ! കോടികൾ വാരട്ടെ’ എന്നായിരുന്നു ടൊവിനോ കുറിച്ചത്.

അതേസമയം, ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ കൂട്ടുകെട്ടിന്റെ പൊൻമാൻ ‘പൊന്‍മാന്‍’ മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസകളും അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.

2003ന് ശേഷമുള്ള കാലഘട്ടത്തില്‍ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം സിനിമയായപ്പോള്‍ ഒരു റിയല്‍ ട്രൂ സ്റ്റോറി എന്ന നിലയില്‍ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച പൊന്‍മാന്‍ എന്ന ചിത്രം ജി. ആര്‍ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.ബേസില്‍ ജോസഫിനെ കൂടാതെ സജിന്‍ ഗോപു, ലിജോ മോള്‍ ജോസ്, ആനന്ദ് മന്മഥന്‍, ദീപക് പരമ്പോള്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.