ബേസിൽ എന്ന ഓൾ റൗണ്ടർ; ക്യാമറയ്ക്ക് മുന്നിലും പിന്നിലും..

പൊന്മാൻ അല്ല പൊൻമുത്തായി മാറുകയാണ് ബേസിൽ ജോസഫ് എന്ന മലയാള സിനിമയിലെ ഓൾ റൗണ്ടർ. സൂപ്പർതാരങ്ങൾ ചെയ്ത പല കഥാപാത്രങ്ങളേക്കാൾ കൂടുതൽ മനസ്സിൽ പതിയുന്ന നിരവധി കഥാപാത്രങ്ങളാണ് ഈ ചെറിയ സമയം കൊണ്ട് ബേസിൽ എന്ന നടൻ അഭിനയിച്ചത്. ആ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഓർത്തു വയ്ക്കുന്നുണ്ടെങ്കിൽ അത് സൂപ്പർതാരം എന്ന നിലയ്ക്കല്ല. ജനപ്രിയൻ ആയി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. നടൻ അഭിനയിക്കുന്ന സിനിമകൾ എന്തുകൊണ്ട് തിയേറ്ററിൽ നിറഞ്ഞോടുന്നു എന്നതിനുള്ള മറുപടിയും ഇതു തന്നെയാണ്.

സംവിധായകനായും അഭിനേതാവായും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്മാനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തിയേറ്ററുകളിൽ ഹിറ്റടിച്ച സിനിമ ഒടിടിയിലും പ്രേക്ഷകർ ഏറ്റെടുത്തതോടെ ബേസിലിന്റെ പ്രകടനത്തിന് തമിഴിൽ നിന്ന് വരെ വലിയ കയ്യടികളാണ് ലഭിക്കുന്നത്. വളരെ കോംപ്ലക്സ് ആയ ഒരു കഥപറച്ചിലിനെ പ്രേക്ഷകരെ ആകർഷിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതും നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ഈ സിനിമയുടെ വിജയത്തിന് കാരണമായിട്ടുണ്ട്.

2003ന് ശേഷമുള്ള കാലഘട്ടത്തിൽ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം സിനിമയായപ്പോൾ ഒരു റിയൽ ട്രൂ സ്റ്റോറി എന്ന നിലയിൽ സിനിമയ്ക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചത്. സംവിധായകൻ എന്ന നിലയിൽ വിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ തന്നെയാണ് നടൻ എന്ന രീതിയിൽ ബേസിൽ ചുവടുവെപ്പുകൾ നടത്തുന്നത്. ഒരു പക്ഷെ ഒരു മികച്ച സംവിധായകൻ കൂടിയായതുകൊണ്ടാകാം താൻ അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അത് കാണുന്ന പ്രേക്ഷകനും തങ്ങളിൽ ഒരുവനാണ് ആ കഥാപാത്രമെന്ന ഒരു തോന്നൽ ബേസിലിന് ഉണ്ടാക്കാൻ സാധിക്കുന്നത്.

ബേസിൽ ജോസഫ് ലീഡ് റോളിൽ വന്ന ജാൻ എ മൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയഹേ, കഠിന കഠോരമീ അണ്ഡകടാഹം, ഫാലിമി, ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റുകൾ ആയിരുന്നു. പൊതുവെ ബേസിൽ അഭിനയിക്കുന്ന എല്ലാ സിനിമകളിലും തന്റേതായ മാനറിസം കഥാപാത്രങ്ങളിൽ കാണാറുണ്ട്. എന്നിരുന്നാലും കിട്ടിയ റോൾ കിടിലനായി ചെയ്യാറുമുണ്ട്. മാത്രമല്ല, കോമഡി ചെയ്യാൻ ഉള്ള കഴിവും എടുത്തു പറയേണ്ടതാണ്. ബേസിൽ തിരഞ്ഞെടുക്കുന്ന സിനിമകളുടെ ക്വാളിറ്റിയാണ് ഹിറ്റാകുന്ന സിനിമകളുടെ പിന്നിലെ മറ്റൊരു പ്രധാന കാരണം.

ഗുരുവായൂർ അമ്പലനടയിലെ വിനു രാമചന്ദ്രനും അജയന്റെ രണ്ടാം മോഷണത്തിലെ കെ. പി സുരേഷും ഒക്കെ അഭിനയിച്ചപ്പോൾ ഏറെക്കുറെ ഒരേ മാനറിസം ഉള്ള കഥാപത്രങ്ങളായി മാറിയെങ്കിലും കുറച്ചെങ്കിലും വ്യത്യസ്തത തോന്നിയത് സൂക്ഷ്മദർശിനിയിലെ മാനുവൽ എന്ന കാരക്ടർ ആയിരുന്നു.

മലയാളത്തിൽ വെറും മൂന്ന് സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത ബേസിൽ കുഞ്ഞിരാമായണം, ഗോദ, മിന്നൽ മുരളി എന്ന ചിത്രങ്ങളിലൂടെയാണ് പാൻ ഇന്ത്യയായി ചർച്ചചെയ്യപ്പെട്ട സംവിധായകനായി മാറിയത്. ഫാലിമി എന്ന സിനിമ ഹിറ്റ് ആയില്ലെങ്കിൽ കുറച്ച് സിനിമകൾ ചെയ്‌തിട്ട് സംവിധാനത്തിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്നാണ് ബേസിൽ ഒരിക്കൽ പറഞ്ഞത്. എന്തായാലും സംവിധാനത്തോടൊപ്പം അഭിനയത്തിലും മുന്നിൽ തന്നെ ബേസിൽ ഉണ്ടാകുമെന്നും ഹിറ്റുകൾ ഇനിയും സംഭവിക്കുമെന്നും പ്രതീക്ഷിക്കാം.