ടൊവിനോ തോമസിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ‘മരണമാസ്’ ചിത്രത്തിന്റെ ലുക്ക് രഹസ്യമായി സൂക്ഷിച്ചു കൊണ്ടുനടക്കുകയാണ് ബേസില്‍ ജോസഫ്. സിനിമയുടെ ഫസ്റ്റ് ലുക്ക് ഉടന്‍ പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി ടൊവിനോ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. മറ്റ് സിനിമകളുടെ പ്രമോഷനുകളിലും ഇന്റര്‍വ്യൂകളിലും സജീവമായി പങ്കെടുക്കാറുള്ള ബേസില്‍ എപ്പോഴും തൊപ്പി വച്ചാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടാറ്.
തൊപ്പി മാറ്റാന്‍ ആവശ്യപ്പെട്ടാലും ബേസില്‍ സമ്മതിക്കാറില്ല. ബേസിലിന്റെ തമാശ കലര്‍ന്ന മറുപടികളാണ് വീഡിയോയായി ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ‘തൊപ്പി ഊരാന്‍ പറ്റില്ല, തലയില്‍ ഒരു താജ്മഹല്‍ പണിത് വെച്ചേക്കുവാ’, ‘തല ചീഞ്ഞളിഞ്ഞ് ഇരിക്കയാണ് സാര്‍’ എന്നിങ്ങനെയാണ് ബേസിലിന്റെ മറുപടികള്‍.
#Maranamass first look coming soon… 🚌 🍌 pic.twitter.com/D91TDbyKzU
— Tovino Thomas (@ttovino) February 10, 2025
മമ്മൂട്ടി ആവശ്യപ്പെടുമ്പോള്‍ ഒരു നിമിഷത്തേക്ക് തൊപ്പി മാറ്റുന്നതും വീഡിയോയില്‍ കാണാം. മരണമാസിന്റെ ഫസ്റ്റ്‌ലുക്ക് ഉടന്‍ പുറത്തുവിടും എന്ന് കാണിച്ചു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം, ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന ശിവപ്രസാദ് ആണ് മരണമാസിന്റെ സംവിധായകന്‍.
സിജു സണ്ണിയുടേതാണ് ചിത്രത്തിന്റെ കഥ. സിജുവും സംവിധായകന്‍ ശിവപ്രസാദുമാണ് മരണമാസിന്റെ തിരക്കഥയും സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സിന്റെയും വേള്‍ഡ് വൈഡ് ഫിലിംസിന്റെയും ബാനറില്‍ ടൊവീനോ തോമസും ടിങ്സ്റ്റണ്‍ തോമസും, തന്‍സീര്‍ സലാമും ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിക്കുന്നത്.
രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇംതിയാസ് കദീറാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ഗോകുല്‍നാഥ് ജി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നീരജ് രവിയാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുക. ചമ്മന്‍ ചാക്കോയാണ് എഡിറ്റര്‍. മുരിയുടെ വരികള്‍ക്ക് ജയ് ഉണ്ണിത്താന്‍ സംഗീതം നല്‍കും.