വിഷു റിലീസായി എത്തിയ ഈ വർഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ബസൂക്ക. മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് ഡിനോ ഡെന്നീസ് ചിത്രം തിയേറ്ററിൽ എത്തിയത്. മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്ന സിനിമ കൂടിയായിരുന്നു ഇത്.
റിലീസ് ദിനം മുതൽ ഗംഭീര പ്രതികരണങ്ങളായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആദ്യത്തെ ദിവസം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 3. 25 കോടി രൂപ നേടിയതായാണ് ട്രാക്കർമാരായ സാക്നിൽക് റിപ്പോർട്ട് ചെയ്തത്. രണ്ടാം ദിനം 2.1 കോടി, മൂന്നാം ദിനം 2 കോടി, പിന്നീട് 1.7 കോടി, 1.43 എന്നിങ്ങനെയാണ് ചിത്രത്തിന്റെ കളക്ഷൻ.
എന്നാൽ ആറാം ദിനം മുതൽ കളക്ഷനിൽ നേരിയ ഇടിവ് കാണപ്പെട്ട് തുടങ്ങി എന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നിൽകിന്റെ റിപ്പോർട്ട്. 77 ലക്ഷം, 45 ലക്ഷം, 44 ലക്ഷം എന്നിങ്ങനെയാണ് ആറ് മുതൽ എട്ടാം ദിവസം വരെ ചിത്രം നേടിയത്.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.