വീണ്ടും ത്രില്ലറുമായി മമ്മൂട്ടി; 'ബസൂക്ക' വരുന്നു

‘പുഴു’, ‘റോഷാക്ക്’ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ത്രില്ലറിന്റെ പേര് പ്രഖ്യാപിച്ചു. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് സിനിമ.

‘ബസൂക്ക’ എന്ന പേരോടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചത്. വിഖ്യാത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ആണ് സംവിധാനം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്.

മിഥുന്‍ മുകുന്ദന്‍ ബസൂക്കയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കലാസംവിധാനം – അനീസ് നാടോടി, ചിത്രസംയോജനം – നിഷാദ് യൂസഫ് എന്നിവരാണ്. നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. ജയറാം, ആസിഫ് അലി, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകും എന്നും റിപ്പോര്‍ട്ടുണ്ട്.

Read more

‘കാപ്പ’യാണ് തിയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിച്ച ആദ്യ ചിത്രം. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ആണ് നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ടൊവിനോ തോമസ് ആണ് നായകന്‍.