മാര്‍ച്ച് 27ന് ആണ് ‘എമ്പുരാന്‍’ തിയേറ്ററുകളില്‍ എത്തുന്നതെങ്കിലും സിനിമയുടെ ഓളം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടെ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ അപ്‌ഡേറ്റും പുറത്തെത്തിയിരിക്കുകയാണ്. സംവിധായകന്‍ ഡീനോ ഡെന്നീസ് ആണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഉടന്‍ പുറത്തെത്തും എന്ന അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
‘ട്രെയ്ലര്‍ ഉടനെത്തും. സയീദ് അബ്ബാസ് അതിന്റെ ജോലിയിലാണ്’ എന്നാണ് ഡിനോ ഡെന്നീസ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഡീനോയുടെ പോസ്റ്റില്‍ ബസൂക്കയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്ന സയീദ് അബ്ബാസിനെയും കാണാം. ബസൂക്കയുടെ ടീസര്‍ പുറത്തു വന്നത് മുതല്‍ ചിത്രത്തിന്റെ റിലീസിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ഏപ്രില്‍ 10ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററിലെത്തുന്ന ദിവസം ബസൂക്കയുടെ ട്രെയ്‌ലറുമെത്തും എന്ന സൂചനയാണ് സംവിധായകന്‍ നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എമ്പുരാന് പിന്നാലെ ബസൂക്കയും എത്തിയാല്‍ ബോക്‌സ് ഓഫീസ് കുലുങ്ങുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം, മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ബസൂക്കയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ബസൂക്കയുടെ നിര്‍മ്മാണം.