പോത്തേട്ടന്‍ ബ്രില്യന്‍സിന് പുരസ്‌കാരം; താരമായി 'ജോജി'

കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമാ പുരസ്‌കാര പ്രഖ്യാപനത്തില്‍ താരപരിവേഷമാണ് ജോജിയ്ക്ക് കിട്ടിയിരിക്കുന്നത്. 52മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ നാല് അവാര്‍ഡുകളാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയിലൂടെ മികച്ച സംവിധായകനെന്ന പുരസ്‌കാര നേട്ടം ദിലീഷ് പോത്തനും സ്വന്തമാക്കി.

ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം നേരത്തെ തന്നെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയിലൂടെ ശ്യാം പുഷ്‌കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ഉണ്ണിമായ പ്രസാദിനും ചിത്രം വലിയ നേട്ടമായി. മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ജോജിയിലൂടെ ഉണ്ണിമായ പ്രസാദിന് ലഭിച്ചു. ജസ്റ്റിന്‍ വര്‍ഗീസിനും സിനിമ പുരസ്‌കാര തിളക്കം സമ്മാനിച്ചു. സംഗീത സംവിധായകന്‍ (മികച്ച പശ്ചാത്തല സംഗീതം) പുരസ്‌കാരമാണ് ജോജിയിലൂടെ ജസ്റ്റിന്‍ സ്വന്തമാക്കിയത്.

Read more

അതേസമയം 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം ബിജു മേനോനും ജോജു ജോര്‍ജും പങ്കിടുകയായിരുന്നു. മികച്ച നടിയായി രേവതിയെയും തെരഞ്ഞെടുത്തു.ആര്‍ക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജുവിനെയും മികച്ച നടനായി തെരഞ്ഞെടുത്തത്. ഭൂതകാലം എന്ന ചിത്രത്തിനാണ് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തത്.