'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

ഭാവന എന്നത് ഒരു നിലപാട് തന്നെയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. നടിയുടെ തിരിച്ചുവരവ് മലയാളികള്‍ ഒന്നടങ്കം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഭാവനയുടെ മറ്റൊരു മലയാള സിനിമ കൂടി റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. നാളെ തിയേറ്ററില്‍ എത്താന്‍ പോകുന്ന ‘നടികര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖങ്ങളിലെ ഭാവനയുടെ നിലപാടുകളാണ് ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ഓടിനടന്ന് അബോര്‍ഷന്‍ നടത്തുന്നു എന്നതാണ് തന്നെ കുറിച്ച് കേട്ടിട്ടുള്ള ഏറ്റവും വലിയ അപവാദങ്ങളിലൊന്ന് എന്ന് തുറന്നു പറഞ്ഞ് ഭാവന പൊട്ടിച്ചിരിക്കുന്ന അഭിമുഖമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. പൊതുവേ, സ്ത്രീകളെ മോശക്കാരിയായി ചിത്രീകരിക്കുവാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന അപവാദങ്ങളില്‍ ഒന്നാണ്, ഇടയ്ക്കിടെ അബോഷന്‍ ചെയ്യുന്നവള്‍ എന്നത്. ഇത്തരത്തില്‍ ഒരു അപവാദം കേട്ടിട്ടുണ്ടെന്ന് പറയാന്‍ ഭാവനയല്ലാതെ മറ്റാരെങ്കിലും ധൈര്യപ്പെട്ടിട്ടുണ്ടോ?

എനിക്കെതിരെ അപവാദം വന്നാല്‍ ചുക്കുമില്ല എന്ന് ഒരു സ്ത്രീ പൊതുവിടത്തില്‍ വന്നിരുന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്. എന്നാല്‍ മറുവശത്ത് വ്യാജ ഇരവാദം ഇറക്കി, എന്റെ സിനിമ കാണണേ എന്ന് കരഞ്ഞു വിളിക്കുകയാണ് ദിലീപ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിക്കുന്നത്. തന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളെ കുറിച്ച് ആയിരുന്നു ഭാവന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

”പുറത്ത് പറയാന്‍ പറ്റാത്ത പലതും കേട്ടിട്ടുണ്ട്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ വന്നു. കരിയര്‍ തുടങ്ങി ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ കേള്‍ക്കുമ്പോള്‍ എന്തായിതെന്ന് തോന്നും. ആലുവയില്‍ അബോര്‍ഷന്‍ ചെയ്തു, കൊച്ചിയില്‍ അബോര്‍ഷന്‍ ചെയ്തു, ചെന്നൈയില്‍ അബോര്‍ഷന്‍ ചെയ്തു എന്നൊക്കെ. ഞാന്‍ അബോര്‍ഷന്‍ ചെയ്ത് മരിച്ച്. ഞാനെന്താ പൂച്ചയോ. അബോര്‍ഷന്‍ ചെയ്ത് അബോര്‍ഷന്‍ ചെയ്ത് എനിക്ക് വയ്യ. എനിക്ക് മടുത്തു ഇത് കേട്ട് ആരെങ്കിലും ചോദിച്ചാല്‍ ചെയ്തൂ എന്നങ്ങ് വിചാരിക്കുക. ഇനി അതേക്കുറിച്ച് ചോദിക്കരുതെന്ന് പറയും. കാരണം ഒരു പരിധി കഴിയുമ്പോ, ഇത് എന്തായിത് ഞാന്‍ അബോര്‍ഷന്‍ ചെയ്യാന്‍ വേണ്ടിയാണോ വന്നേക്കുന്നത് എന്ന് തോന്നും. കേട്ട് കേട്ട് മടുത്തു. പിന്നെ ഒരു സമയത്ത് ഞാനും അനൂപേട്ടനും കല്യാണം കഴിഞ്ഞെന്ന് വരെ വന്നു. അങ്ങനെ ഞാന്‍ ഞെട്ടി, ഞെട്ടി ഇപ്പോ ഞെട്ടാറില്ല. ഇപ്പോ എന്ത് കേട്ടാലും ആണോ ഒകെ എന്ന് പറയും. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്സായി, തിരിച്ച് വന്നു എന്നൊക്കെ കേട്ട് അവസാനം എന്തെങ്കിലും ആയിക്കോട്ടെ എന്ന് കരുതി” എന്നാണ് ഭാവന അഭിമുഖത്തില്‍ പറഞ്ഞത്.

നടികര്‍ സിനിമയുടെ ടീമിനൊപ്പമാണ് ഭാവന അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൊവിനോ, ബാലു വര്‍ഗീസ്, ചന്തു കുമാര്‍ എന്നിവര്‍ക്കൊപ്പം പങ്കെടുത്ത അഭിമുഖത്തിലാണ് ഭാവന സംസാരിച്ചത്. നടികറിലെ നായകനായ ടൊവിനോയേക്കാളേറെ ശ്രദ്ധ ഭാവന ഓരോ അഭിമുഖങ്ങളിലും നേടുന്നുണ്ട്.

2002ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് എത്തുന്നത്. പരിമളം എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ഭാവന മലയാളത്തില്‍ സജീവമായി. തുടര്‍ന്ന് 2017 വരെ മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ഭാവന ജീവന്‍ നല്‍കി. നായികമാര്‍ക്ക് അധികകാലം ആയുസില്ലാത്ത മലയാള സിനിമയില്‍ 15 വര്‍ഷത്തോളമാണ് ഭാവന സ്വന്തം പ്രതിഭയയുടെ ബലത്തില്‍ പിടിച്ചു നിന്നത്.

തുടര്‍ന്ന് മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഏറെ സജീവമായ താരം, കഴിഞ്ഞ വര്‍ഷമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിന് ശേഷം ആറ് വര്‍ഷം കഴിഞ്ഞുള്ള തിരിച്ചുവരവ് എന്തുകൊണ്ടും ഒരു വെല്ലുവിളി തന്നെയാണ്. ആ ഇടവേളയെയും അതിജീവിച്ച് മലയാളത്തില്‍ ഇന്ന് മുന്‍നിരയില്‍ തന്നെ നില്‍ക്കുകയാണ് ഭാവന. നടികര്‍ റിലീസിന് പിന്നാലെ ഇനിയുമേറെ മലയാള ചിത്രങ്ങള്‍ ഭാവനയുടെതായി ഒരുങ്ങുന്നുണ്ട്. പ്രേക്ഷകരും ഭാവനയുടെ നിലപാടിനൊപ്പമാണ്.

Read more