ചിന്താമണിക്കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും വീണ്ടും; 'ഹണ്ട്' വരുന്നു

ഷാജി കൈലാസ് ചിത്രത്തില്‍ ഭാവന കേന്ദ്ര കഥാപാത്രമാകും. ‘ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 26ന് ആരംഭിക്കും. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍ .ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ നിഖില്‍ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസും ഭാവനയും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. 2006-ല്‍ പുറത്തിറങ്ങിയ ‘ചിന്താമണി കൊലക്കേസാ’യിരുന്നു ഇരുവരും ഒന്നിച്ച ചിത്രം. സുരേഷ് ഗോപി നായകനായ സിനിമയില്‍ ചിന്താമണി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നാ’ണ് ഭാവനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

അതേസമയം ഷാജി കൈലാസിന്റെ പുതിയ ചിത്രം ‘കാപ്പ’ ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് എത്തും. പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.