മലയാള സിനിമയിലേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍. ആദില്‍ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നത്.
സിനിമയുടെ സെറ്റില്‍ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു വരവേറ്റത്. മമ്മൂട്ടിയാണ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ട് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്. 2017ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. തെലുങ്ക്, കന്നഡ ഭാഷാ സിനിമകളില്‍ സജീവമാണ് താരം.
മലയാളത്തില്‍ തിരിച്ചെത്തുന്ന ഭാവനയ്ക്ക് ആശംസകളുമായി നടന്‍ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ആദ്യം പ്രതികരിച്ച താരങ്ങളില്‍ ഒരാളായിരുന്നു പൃഥ്വിരാജ്.
മലയാള സിനിമയില്‍ നിന്നും മാറി നിന്നപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന തന്നെ പറഞ്ഞിട്ടുമുണ്ട്.