കെജിഎഫ് 2വിന്റെ റിലീസിന് പിന്നാലെ ബീസ്റ്റിന്റെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒരു ദിവസത്തെ ഇടവേളയിലാണ് ഇരു ചിത്രങ്ങളും റിലീസ് ചെയ്തത്. ഏപ്രില്‍ 13 ന് വിജയ് ചിത്രം റിലീസ് ചെയ്തപ്പോള്‍ പിറ്റേ ദിവസം 14 ന് യഷ് ചിത്രവും തിയേറ്ററുകളിലെത്തി. വിജയ് ചിത്രത്തിന് സമ്മിശ്ര പ്രതികരണവും കെജിഎഫ് 2വിന് മികച്ച പ്രതികരണം കൂടി ലഭിച്ചതോടെ ബീസ്റ്റ് പിന്നിലായിരിക്കുകയാണ്.
ആദ്യദിനത്തില്‍ 65 കോടിയോളം രൂപ ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയ ബീസ്റ്റ് രണ്ടാം ദിനത്തില്‍ 32 കോടി മാത്രമാണ് കളക്ട് ചെയ്തത്. ബീസ്റ്റിന്റെ ഹിന്ദി പതിപ്പ് 15 ലക്ഷം രൂപ മാത്രമാണ് നേടിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും സീറ്റുകള്‍ ഒഴിവാണ്.
ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 134.5 കോടി രൂപയാണ് കെജിഎഫ് 2 വാരിയത്. തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ ബോക്‌സോഫീസ് കലക്ഷനില്‍ വന്‍മുന്നേറ്റമാണ് കെജിഎഫ് നടത്തുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം ആദ്യദിവസം 50 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഇത് 100 കോടി കടന്നതായാണ് സൂചന.
ലോകമെമ്പാടുമായി ഏകദേശം 10,000 സ്‌ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ വിവിധ ഭാഷാ പതിപ്പുകള്‍ ഇന്ത്യയിലുടനീളം ഏകദേശം 6500 സ്‌ക്രീനുകളില്‍ ലഭ്യമാണ്. കൂടാതെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.