'അടിക്കുമ്പോ അമ്മാതിരി അടി അടിക്കണമെന്ന് ബിജു മേനോന്‍, വീഡിയോ

ബിജു മേനോന്‍ പ്രധാനവേഷത്തിലെത്തി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ന്റെ ട്രെയ്ലര്‍ വീഡിയോ പുറത്തിറങ്ങി. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ബിജു മേനോന്റെ മാസ് പ്രകടനമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വേറിട്ട വേഷപ്പകര്‍ച്ചയിലൂടെ പദ്മപ്രിയ, റോഷന്‍ മാത്യു, നിമിഷ തുടങ്ങിയവരും ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു.

ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. മോഹന്‍ലാലിനെ ടൈറ്റില്‍ കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീജിത്ത് എന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍,പ്രൊഡ്യൂസര്‍ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Read more