എന്താണ് കിം കിം? കിം ജോന്‍ യുങ്ങ് ആണോ? മഞ്ജു വാര്യര്‍ ആലപിച്ച ഗാനം നാടകങ്ങള്‍ക്കുള്ള എളിയ സമര്‍പ്പണം: ഹരിനാരായണന്‍

സന്തോഷ് ശിവന്‍ ചിത്രത്തില്‍ നായികയായി മാത്രമല്ല ഗായികയായും എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. “ജാക്ക് ആന്‍ഡ് ജില്‍” ചിത്രത്തില്‍ മഞ്ജു ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. “”കിം കിം കിം”” എന്ന ഗാനം ചര്‍ച്ചയായിരിക്കുകയാണ്. എന്താണ് ഈ കിം കിം കിം എന്നാണ് പലര്‍ക്കും അറിയേണ്ടത്. ഗാനത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഗാനരചയിതാവ് ബി. കെ ഹരിനാരായണന്‍.

ബി. കെ ഹരിനാരായണന്റെ കുറിപ്പ്:

#കിംകിംകിംകിംകിംകിം
#വരാത്തതെന്തേ
#മേമേമേമേമേമേമേ

എന്താണ്  കിം കിം ? കിം ജോൻ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ വരിയൊപ്പിക്കാൻ വേണ്ടി എഴുതിയ അക്ഷരമാണോ ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട്. അത്കൊണ്ട് എഴുതുന്നതാണ്. കിം എന്ന വാക്കിന് എന്തേ എന്നർത്ഥമുണ്ട് സംസ്കൃതഭാഷയിൽ. മേ എന്ന വാക്കിന്  എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ്  അർത്ഥം വരുന്നത്.  അപ്പോൾ മൊത്തം വരിയുടെ അർത്ഥം

#എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ  എന്നാകും

സംസ്കൃതവും മലയാളവും ചേർത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കിൽ പറയാം ) . പഴയ മലയാളം രചനകളിലും പഴയ കാല “സംഗീതനാടക ” ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു.

ജാക്ക് എൻ ജില്ലിൻ്റെ  പാട്ടു ചർച്ചയിൽ , സന്തോഷേട്ടൻ  പറഞ്ഞത് പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങൾ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് “ഒരിടത്ത് ”  സിനിമയിൽ ജഗന്നാഥൻ സാറിൻ്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിൻ്റെ വരികളെ കുറിച്ച് ഞാൻ പരമർശിച്ചത് .അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു .അങ്ങനെ അതിൻ്റെ ചുവടുപിടിച്ചു പോകാൻ തീരുമാനമായി

ഒരിടത്ത് എന്ന ചിത്രത്തിൽ അഭിനയിച്ച വേണുച്ചേട്ടനോട്   ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം എം മണി സർ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്.  .ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടൻ മണി സാറിനെ ഇൻ്റർവ്യൂ ചെയ്തപ്പോൾ ഈ പാട്ടു പാടിയെന്നും ,ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദൻ സർ  ചലച്ചിത്രത്തിൽ ഈ പാട്ടിൻ്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടൻ  പറഞ്ഞു.

രവിയേട്ടൻ ( രവി മേനോൻ )  വഴി  വൈക്കം M.മണി സാറിൻ്റെ മകളും , ശ്രീകുമാരൻ തമ്പി സാറിൻ്റെ പത്നിയുമായ രാജി ചേച്ചിയോട് സംസാരിച്ചു . അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തിൽ മണി സാർ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്.  തിരുവനന്തപുരം ആകാശവാണി ലൈബ്രറയിൽ  മണി സാർ പാടിയതിൻ്റെ റക്കോർഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാൻ കഴിഞ്ഞത് .
“കാന്ത തൂകുന്നു തൂമണം” എന്നു തുടങ്ങുന്ന മേൽ പറഞ്ഞ  പാട്ടിൻ്റെ രചയിതാവിനേ കുറിച്ചോ ,സംഗീത സംവിധായകനെ കുറിച്ചോ ,നാടകമുണ്ടായ വർഷത്തെ കുറിച്ചോ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല .. അന്വേഷണത്തിൻ്റെ പരിമിതി കൊണ്ടാണത് എന്നറിയാം. ആ അന്വേഷം നടക്കട്ടെ സംഗീത ലോകത്തിന് അത് കണ്ടെത്താൻ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം.

പുല്ലും കല്ലും  കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങൾ നടന്നിരുന്നത്.  മിക്കപ്പോഴും തറയിൽ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല . മൈക്കില്ല, പാടാൻ പിന്നണിക്കാരില്ല.  ഉച്ചത്തിൽ തൊണ്ട പൊട്ടി പാടണം  വലിയ ചലനങ്ങളോടെ ആടണം .കാരണം സദസ്സിൻ്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേൾക്കണം . നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല  കലാകാരൻമാർക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത്  മാരകമായ ക്ഷയരോഗമാണ്!

ആ ഒരു കാലത്തിന് ,അന്നത്തെ കലാകാരൻമാർക്ക് ,അവർ ജീവിതവും ചോരയും നീരും   ഉഴിഞ്ഞു നൽകിയുണ്ടാക്കിയ  നാടകങ്ങൾക്ക്  ഉള്ള  എളിയ സമർപ്പണമാണ് ഈ ഗാനം. സ്നേഹം എല്ലാർക്കും

NB : കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്പെൻസ്. ഇങ്ങനൊരു പാട്ടുണ്ടാവാൻ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും(സന്തോഷ് ശിവൻ) രാമേട്ടനും ( രാം സുരേന്ദർ )  മഞ്ജു ചേച്ചിക്കും സ്നേഹം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു