മരട് പൊളിക്കല്‍ ചിത്രീകരിച്ച് സിനിമാക്കാരും; സിനിമയും ഡോക്യുമെന്ററിയും ഒരുക്കാന്‍ മേജര്‍ രവിയും ബ്ലെസിയും

മരടിലെ ഫ്‌ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് പുറമേ ക്യാമറയിലാക്കി സിനിമാക്കരും. മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് രണ്ട് സിനിമകളും ഒരു ഡോക്യുമെന്ററിയുമാണ് ഒരുങ്ങാന്‍ പോകുന്നത്. ഫ്‌ളാറ്റിലെ താമസക്കാരായിരുന്ന സംവിധായകര്‍ ബ്ലെസിയും മേജര്‍ രവിയുമാണ് സിനിമയും ഡോക്യമെന്ററിയും ഒരുക്കുന്നത്.

മരട് വിഷയത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ തുറന്നുകാട്ടി സിനിമ ഒരുക്കാനുള്ള തയാറെടുപ്പിലാണ് മേജര്‍ രവി. ഡോക്യുമെന്ററിയാണ് ബ്ലെസി ഒരുക്കുന്നത്. സംവിധായകന്‍ കണ്ണന്‍ താമരക്കുളം “മരട് 357” എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിനേശ് പള്ളത്തിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായിട്ടുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം വ്യക്തമാക്കിയിരുന്നു. മരടിലെ എച്ച്.ടു.ഒ ഫ്‌ളാറ്റിലെ പതിനൊന്നാം നിലയിലെ താമസക്കാരനായിരുന്ന ബ്ലെസി ഡോക്യുമെന്ററി നിര്‍മിക്കാനായി നേരത്തെ തന്നെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു.