ജോഷി- ജോജു ജോര്‍ജ് സിനിമ ആന്റണിയുടെ ചിത്രീകരണത്തിനെതിരെ പരാതി നല്‍കി പാലാ നഗരസഭ. നഗരസഭ മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനായി പാലാ ജയിലിന്റെ ബോര്‍ഡ് മാറ്റിയതും ഗതാഗത തടസമുണ്ടാക്കി ചിത്രീകരണം നടത്തുന്നതുമാണ് നഗരസഭാ അധികൃതരെ ചൊടിപ്പിച്ചത് പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആര്‍ഡിഒയോട് വിശദീകരണം തേടി.
വാഗമണ്‍ വെള്ളികുളം പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പാലാ ജയിലിനു മുന്നിലും സമീപത്തെ റോഡിലുമായി ചിത്രീകരണം നടത്താന്‍ പാലാ നഗരസഭ അനുമതി നല്‍കിയിരുന്നു. സ്പെഷല്‍ കൗണ്‍സില്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു അനുമതി. ഗതാഗത കുരുക്ക് അതിരൂക്ഷമായതോടെ നഗരസഭ ചിത്രീകരണത്തിനെതിരെ തിരിയുകയായിരുന്നു.
സിനിമാ ചിത്രീകരണത്തിന്റെ സാമഗ്രികളും വാഹനങ്ങളും ഇടുങ്ങിയ റോഡിലേക്ക് എത്തിയതാണ് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസം ഉണ്ടാക്കിയത്. ഇതിനിടെ പാലാ സബ്ജയിലിന്റെ ബോര്‍ഡ് ഇടുക്കി ജില്ലാ ജയില്‍ എന്നാക്കിയത് നിയമവിരുദ്ധമാണെന്നും പരാതി ഉയര്‍ന്നു.
പാലാ നഗരസഭ ചെയര്‍പഴ്സന്‍ ജോസിന്‍ ബിനോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആര്‍ഡിഒയുടെ വിശദീകരണം തേടിയത്. സംഭവം അന്വേഷിക്കാന്‍ ആര്‍ഡിഒ തഹസില്‍ദാരെ ചുമതലപ്പെടുത്തി.