2019-ല്‍ ബുക്ക് മൈ ഷോ ആപ്പ് വഴി ബുക്ക് ചെയ്ത് കണ്ട സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. ആഗോളതലത്തിലുള്ള 50 ചിത്രങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ഇവയില്‍ 45 ചിത്രങ്ങളുടെ 10 ലക്ഷത്തിന് മേല്‍ ടിക്കറ്റുകള്‍, ബുക്ക് മൈ ഷോയിലൂടെ വിറ്റു പോയിട്ടുണ്ട്. ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത് ഹോളിവുഡ് ചിത്രം അവേഞ്ചേഴ്സ് ഏന്‍ഡ് ഗെയിം ആണ്. 86 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ്പിലൂടെ എന്‍ഡ് ഗെയിമിന്റെ വിറ്റുപോയത്. 57 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയ ബോളിവുഡ് ചിത്രം ഉറിയാണ് രണ്ടാം സ്ഥാനത്ത്.
പട്ടികയില്‍ ഒറ്റ മലയാള ചിത്രം മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറാണ് മലയാളത്തില്‍ നിന്ന് ആദ്യ 50-ല്‍ ഇടംപിടിച്ച ഏക മലയാള ചിത്രം. 46-ാം സ്ഥാനമാണ് ലൂസിഫറിന് പട്ടികയിലുള്ളത്. ലൂസിഫര്‍ ബുക്ക് മൈ ഷോ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിലൂടെ 39 കോടി രൂപയാണ് നേടിയത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസുമാണ് നേടിയത്.
പ്രഭാസിന്റെ സഹോ 204 കോടിയുമായി ദക്ഷിണേന്ത്യയില്‍ ഒന്നാമതെത്തി. പട്ടികയില്‍ ആറാം സ്ഥാനത്താണ് സഹോ. രജനികാന്ത് ചിത്രം പേട്ട 81 കോടിയുമായി 29-ാം സ്ഥാനത്തും വിജയ് ചിത്രം ബിഗില്‍ 75 കോടിയുമായി 32-ാം സ്ഥാനത്തുമാണ്.