ബോക്സോഫീസ് ബ്രാൻഡ്! ഒന്നിന് പുറകെ ഒന്നായി ബ്ലോക്ക്ബസ്റ്ററുകൾ; ഭാഗ്യതാരമായി രശ്‌മിക

നാഷണൽ ക്രഷ്, എന്ന വിളികളോടെ പ്രേക്ഷകർ ഏറ്റെടുത്ത നടി.. എന്നാൽ ഇപ്പോൾ വിമർശന കോളങ്ങളിൽ സ്ഥിരം സാന്നിധ്യമാണ്.. കടുത്ത നെഗറ്റിവിറ്റിയാണ് ഇന്ന് നടി രശ്മിക മന്ദാന നേരിടുന്നത്. രശ്മികയുടെ സംസാരത്തിൽ നിന്നുവരെ കാരണങ്ങൾ ചികഞ്ഞെടുത്ത് സോഷ്യൽ മീഡിയയിൽ ആവശ്യമില്ലാത്ത രീതിയിൽ ഒരു വിഭാഗം പ്രതിഷേധം ഉയർത്താറുണ്ട്. എന്നാൽ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന നിലപാടാണ് നടിയുടെത്. ഒന്നിന് പുറകെ ഒന്നായി ബ്ലോക്ക്ബസ്റ്ററുകൾ നേടികൊണ്ട് ഇന്ത്യൻ സിനിമയിലെ ജനപ്രിയ നടിമാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ് രശ്മിക മന്ദാന. അഭിനയിച്ച മൂന്ന് സിനിമകളും മൊത്തത്തിൽ 3,000 കോടിയിലധികം കളക്ഷൻ നേടി ഹിറ്റടിച്ചതോടെ രശ്മിക ബോക്‌സ് ഓഫീസിലെ ഭാഗ്യ നായികയായി മാറിയിരിക്കുകയാണ്.

രശ്‌മികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ഛാവ’യും ബോളിവുഡിൽ ഒന്നാകെ തരംഗം തീർക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ഛാവ കുതിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനിടെ 150 കോടി കടന്നുകൊണ്ട് ഈ വർഷത്തെ റെക്കോർഡ് അടിച്ചിരിക്കുകയാണ് ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഈ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം.

2021ൽ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലൂടെയാണ് രശ്‌മികയുടെ സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള ഉയർച്ച ആരംഭിച്ചത്. ചിത്രത്തിൽ ശ്രീവല്ലി എന്ന കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറിയത്. ലോകമെമ്പാടുമായി 350 കോടിയാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ‘പുഷ്പ 2: ദി റൂൾ’ലും രശ്‌മിക തന്നെയാണ് നായികയായത്. റെക്കോർഡുകൾ തകർത്ത ഒരു പാൻ ഇന്ത്യൻ ചിത്രമെന്ന നിലയിൽ രശ്‌മിക വീണ്ടും തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 1,871 കോടി വരുമാനം നേടിയ ഈ ചിത്രം, ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറി. സിനിമയിൽ നടി അവതരിപ്പിച്ച കഥാപാത്രത്തിന് അത്ര വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ചിത്രത്തിന്റെ വിജയം രശ്‌മികയുടെ കരിയറിനെ കൂടുതൽ ഉയരത്തിലെത്തിക്കാൻ സഹായിച്ചു.

എന്നാൽ ഇതിനിടെയിലും രശ്മികയ്‌ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. നടിയേക്കാൾ നന്നായി പെർഫോം ചെയ്തത് ഡാൻസ് നമ്പറുകളിൽ പ്രത്യക്ഷപ്പെട്ട സാമന്തയും ശ്രീലീലയുമാണ് എന്ന തരത്തിൽ പോസ്റ്റുകളും എത്തി. എന്നാൽ ഇതൊന്നും നടിയുടെ കരിയറിനെ ലവലേശം ബാധിച്ചിട്ടില്ല.

2023ൽ പുറത്തിറങ്ങിയ ‘അനിമൽ’ നടിയുടെ കരിയറിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. 900 കോടിക്ക് മുകളിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിലെ രശ്മിക മന്ദാനയുടെ നായികാ കഥാപാത്രത്തിന് എതിരെ വിമർശനങ്ങൾ എത്തിയിരുന്നു. സമീപകാലത്ത് എത്തിയ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് ഗീതാഞ്ജലി എന്ന രശ്മികയുടെ കഥാപാത്രം എന്ന വിമർശനങ്ങളാണ് എത്തിയത്. എന്നാൽ ചിത്രത്തിലെ മറ്റൊരു നായികയായ തൃപ്തി ദിമ്രിയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

2016ൽ പുറത്തിറങ്ങിയ ‘കിരിക്ക് പാർട്ടി’ എന്ന കന്നഡ റൊമാന്റിക് കോമഡി ചിത്രത്തിലൂടെയാണ് കർണാടക സ്വദേശിയായ രശ്മിക തന്റെ യാത്ര ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ച നടി 2018ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ സിനിമയിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് നേടി. കന്നഡയിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗീതാ ഗോവിന്ദമാണ് രശ്മികയ്ക്ക് വമ്പൻ സ്വീകാര്യത നേടി കൊടുത്തത്.

പിന്നീട് ‘സരിലേരു നീക്കെവ്വരു’, ‘ഭീഷ്മ’ തുടങ്ങിയ വാണിജ്യ ഹിറ്റുകളിലൂടെ താരം പ്രശസ്തയാവുകയും സിനിമാ വ്യവസായത്തിലെ ഏറ്റവും ആവശ്യപ്പെടുന്ന നടിമാരിൽ ഒരാളായി മാറുകയും ചെയ്തു. അഭിനയത്തിനപ്പുറം, രശ്മിക ഒരു പ്രധാന ബ്രാൻഡ് അംബാസഡറും ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളുമാണ്.

Read more