അത് ചെയ്തത് മമ്മൂട്ടി അല്ല, സംഭവം വിഎഫ്എക്‌സുമല്ല.. ഭ്രമയുഗത്തില്‍ വേഷമിട്ട 'ചാത്തനും തെയ്യവും' ഇവിടെയുണ്ട്; വൈറലാകുന്നു

കൊടുമണ്‍ പോറ്റി എന്ന മഹാ മാന്ത്രികന്റെ മനയില്‍ പ്രവേശിച്ചാല്‍ പിന്നെ ടൈം ലൂപ്പില്‍ പെട്ടപോലെയാണ് കാലവും സമയവും അവിടെ നിശ്ചലമാകും. പിന്നെ ഒരു തിരിച്ചുപോക്ക് ഇല്ല. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി തിളങ്ങിയപ്പോള്‍ ഉള്ളിലെ ചാത്തന്റെ രൂപവും ശ്രദ്ധ നേടിയിരുന്നു.

ഭ്രമയുഗത്തിലെ ചാത്തനെ കണ്ടപ്പോള്‍ പലര്‍ക്കും ‘തുമ്പാഡ്’ എന്ന ബോളിവുഡ് ഹൊറര്‍ ചിത്രത്തിലെ ഹസ്തറിനെയും ഓര്‍മ്മ വന്നിട്ടുണ്ടാകും. ഭ്രമയുഗത്തിലെ ചാത്തന്‍ വിഎഫ്എക്‌സ് ആയിരിക്കും എന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്.

എന്നാല്‍ ചാത്തനെ നിര്‍മ്മിച്ചത് വിഎഫ്എക്‌സിലൂടെയല്ല. ഭയാനകമായ രൂപത്തില്‍ ചാത്തനായി എത്തിയത് ഒരു ബാലതാരമാണ്. ആകാശ് ചന്ദ്രന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ചാത്തനായി പ്രത്യക്ഷപ്പെട്ടത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിംഗ് (ദ മേക്കപ്പ് ലാബ്) ആയിരുന്നു ചിത്രത്തിന്റെ ക്യാരക്റ്റര്‍ ഡിസൈനര്‍.


ഭ്രമയുഗത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആകാശ് ചന്ദ്രന്റെ ചിത്രം പ്രചരിക്കാന്‍ ആരംഭിച്ചത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ആകാശിന്റെ ചിത്രം അടക്കം പങ്കുവച്ചു കൊണ്ടുള്ള ഫ്‌ളക്‌സിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

ചാത്തന്‍ മാത്രമല്ല, പാണനെ പേടിപ്പിച്ച തെയ്യത്തിന്റെ രൂപത്തില്‍ എത്തുന്ന ചാത്തനെ അവതരിപ്പിച്ചത് മറ്റൊരു നടന്‍ ആണ്. റഫ്‌നാസ് റഫീക് ആണ് തെയ്യത്തിന്റെ രൂപത്തില്‍ എത്തിയത്. ഇതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ ചെറിയ സ്‌ക്രീന്‍ സ്‌പേസിലാണ് ചാത്തന്‍മാര്‍ എത്തിയതെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Read more

അതുകൊണ്ട് തന്നെ ഇരു ചാത്തന്‍മാരുടെയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. അതേസമയം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ എത്തിയ ഭ്രമയുഗം 50 കോടി കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളായത്.