അച്ചടക്ക ലംഘനം; സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി

മിർമാതാവ് സാന്ദ്ര തോമസിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടപടി. സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സംഘടന അറിയിച്ചു.

സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ നേരത്തെ  സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്നും പുറത്താക്കിയത്. സാന്ദ്രയുടെ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

സാന്ദ്രാ തോമസിന്‍റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേര്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.  അതേസമയം നേരത്തെ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമായതായി സാന്ദ്ര പറഞ്ഞു. ആ ഗ്രൂപ്പില്‍ സ്ത്രീകള്‍ ഇല്ല.  തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Read more