ഇത്തവണ ത്രില്ലർ; പ്രിയദർശനെ സെയ്ഫ് ബോളിവുഡിൽ 'സേഫ്' ആക്കുമോ?

മലയാളത്തിലെ സൂപ്പർ ഹിറ്റുകൾ കൊണ്ടുപോയി ബോളിവുഡ് ബോക്‌സ് ഓഫീസിൽ ഫ്‌ളോപ്പ് ആക്കി എന്നൊരു ആക്ഷേപം പണ്ടേ സംവിധായകൻ പ്രിയദർശന് നേരെയുണ്ട്. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനായി നിറഞ്ഞു നിൽക്കുന്നതിനിടെ തന്നെയായിരുന്നു പ്രിയദർശന്റെ ബോളിവുഡിലേക്കുള്ള ചുവടുവയ്പും. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ കിലുക്കത്തിന്റെ ഹിന്ദി റീമേക്കായ മുസ്‌കുരാഹട്ട് ആയിരുന്നു പ്രിയദർശന്റെ ആദ്യ ഹിന്ദി ചിത്രം. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ഭൂൽ ഭുലയ്യ എത്തിയതോടെയാണ് പ്രിയദർശന് ബോളിവുഡിൽ ഭാവി തെളിഞ്ഞത്. എന്നാൽ പിന്നാലെ വന്ന പല സിനിമകളും അത്രയൊട്ടും ശ്രദ്ധ നേടിയതുമില്ല.

അക്ഷയ് കുമാർ നായകനായെത്തുന്ന ‘ഭൂത് ബംഗ്ല’ ആണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന പ്രിയദർശന്റെ ബോളിവുഡ് ചിത്രം. ഇതിനിടെ അടുത്ത സംവിധായകന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ അപ്ഡേറ്റും പുറത്തു വന്നിരിക്കുകയാണ്. സെയ്ഫ് അലി ഖാനെ നായകനാക്കി ഒരു ത്രില്ലർ ഴോണർ സിനിമ ഒരുക്കുകയാണ് പ്രിയദർശൻ എന്നാണ് റിപ്പോർട്ടുകൾ. അന്ധനായാണ് സെയ്ഫ് സിനിമയിൽ എത്തുന്നത് എന്നുള്ള വിവരങ്ങളും എത്തുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കും. സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ബോബി ഡിയോൾ സിനിമയിൽ വില്ലനായി എത്തുമന്നും റിപ്പോർട്ടുകളുണ്ട്. പ്രിയദർശന്റെ തന്നെ ചിത്രമായ ‘ഒപ്പം’ എന്ന സിനിമയുടെ റീമേക്ക് ആണിത് എന്നാണ് പറയപ്പെടുന്നത്.

മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകൾ പ്രിയദർശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. കിലുക്കം, കിരീടം, തേന്മാവിൻ കൊമ്പത്ത്, റാംജിറാവ് സ്പീക്കിംഗ്, പഞ്ചാബി ഹൗസ്, മണിച്ചിത്രത്താഴ് എന്നിങ്ങനെ മലയാളത്തിൽ ഹിറ്റായ പല സിനിമകളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, അവയിൽ പകുതി പോലും ഹിറ്റ് അടിച്ചിട്ടില്ല.

അതിനാൽ തന്നെ ത്രില്ലർ ഴോണറിൽ എത്താൻ പോകുന്ന സെയ്ഫ് അലി ഖാൻ ചിത്രം ബോളിവുഡ് ഏറ്റെടുക്കുമോ എന്നതാണ് സംശയം. ബോളിവുഡിൽ ഹിറ്റായി മാറിയ പ്രിയദർശന്റെ തന്നെ ‘ഹേരാ ഫേരി’യുടെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. 2000ത്തിലാണ് മലയാളത്തിൽ സൂപ്പർഹിറ്റായിരുന്ന റാംജി റാവു സ്പീക്കിങ്, ‘ഹേരാ ഫേരി’ എന്ന പേരിൽ പ്രിയദർശൻ ബോളിവുഡിൽ പുറത്തിറക്കിയത്. ആദ്യ ഭാഗത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ തന്നെയായിരുന്നു രണ്ടാം ഭാഗത്തിലും. ഇവർ തന്നെയാണ് മൂന്നാം ഭാഗത്തിലും നായകന്മാരായി എത്തുക.

അതേസമയം, പ്രിയദർശൻ കോമഡി ഹൊറർ ഴോണറിൽ ഒരുക്കുന്ന അക്ഷയ് കുമാർ ചിത്രം ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. 14 വർഷത്തിന് ശേഷം അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. പരാജയ സിനിമകളിൽ മുന്നിൽ നിൽക്കുന്ന നടന്മാരിൽ ഒരാളായ അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രത്തിലൂടെ പരാജയങ്ങളുടെ പടുകുഴിയിൽ നിന്നും അക്ഷയ് കുമാറിനെ കരകയറ്റാൻ പ്രിയദർശന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇതിലൂടെ പ്രിയദർശനും ബോളിവുഡിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താനാകുമെന്നും പ്രതീക്ഷിക്കുന്നു. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2026 ഏപ്രിൽ 2ന് ചിത്രം തിയേറ്ററുകളിലെത്തും.

Read more