കാനിൽ തിരശീല വീഴുമ്പോൾ തലയുയർത്തി ഇന്ത്യൻ സിനിമ

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചലച്ചിത്രമേളകളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഈ വർഷത്തെ എഡിഷന് തിരശീലവീണിരിക്കുകയാണ്. ഫെസ്റ്റിവൽ അവസാനിക്കുമ്പോൾ ഇന്ത്യക്കാർക്കും മലയാളികൾക്കും അഭിമാനിക്കാനായി നിരവധി കാര്യങ്ങളുണ്ട്.

ഛായ കദം, പായൽ കപാഡിയ, ദിവ്യ പ്രഭ, കനി കുസൃതി

പായൽ കപാഡിയ സംവിധാനം ചെയ്ത് മലയാളികളായ കനികുസൃതി, ദിവ്യ പ്രഭ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കുന്നു. കാനിൽ ഗ്രാൻഡ് പ്രി പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് പായലിന്റെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. 1939-ൽ രണ്ടാം ലോക മഹായുദ്ധം കാരണം ഉപേക്ഷിക്കപ്പെട്ട കാനിന്റെ ആദ്യ എഡിഷന് ശേഷം 46-ലെ രണ്ടാം എഡിഷനിൽ പത്ത് ചിത്രങ്ങൾക്കായിരുന്നു അന്ന് ഗ്രാൻഡ് പ്രി പുരസ്കാരം നൽകിയിരുന്നത്.

പായൽ കപാഡിയ

ചേതൻ ആനന്ദ് സംവിധാനം ചെയ്ത ‘നീച നാഗർ’ എന്ന ഇന്ത്യൻ ചിത്രവും അന്ന് പുരസ്കാരം ലഭിച്ച സിനിമകളിലുണ്ടായിരുന്നു. അന്ന് മേളയിലെ ഏറ്റവും മൂല്യമേറിയ പുരസ്കാരമായിരുന്നു ഗ്രാൻഡ് പ്രി. എന്നാൽ 1975 മുതലാണ് ഇന്നത്തെ ഗോൾഡൻ പാം എന്നറിയപ്പെടുന്ന പാം ഡി ഓർ ഏറ്റവും മൂല്യമേറിയ പുരസ്കാരമായി നൽകിവരുന്നത്. ഇന്ന് കാനിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ പുരസ്കാരമാണ് ഗ്രാൻഡ് പ്രി. അതുകൊണ്ട് തന്നെ പായലും സംഘവും പുതു ചരിത്രമാണ് കാനിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഇന്ത്യൻ സിനിമയ്ക്കും സിനിമ സ്വപ്നം കാണുന്ന ഏതൊരു മനുഷ്യനും നൽകുന്ന ഊർജ്ജം ചെറുതല്ല.

ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന വർഗീസ് കുര്യന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് ശ്യാം ബെനഗൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ‘മന്തൻ’. അരലക്ഷത്തോളം വരുന്ന ക്ഷീര കർഷകർ രണ്ട് രൂപ വീതം സംഭാവന ചെയ്ത് നിർമ്മിച്ച മന്തൻ, ഇന്ത്യയിൽ ആദ്യമായി ക്രൌഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ചിത്രം കൂടിയായിരുന്നു. 1976-ൽ പുറത്തിറങ്ങിയ മന്തൻ ആ വർഷത്തെ മികച്ച ചിത്രത്തിനുള്ളതും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

കൂടാതെ ആ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി കൂടിയായിരുന്നു ചിത്രം. എന്നാൽ കാലങ്ങൾക്കിപ്പുറം ചിത്രത്തിന്റെ നെഗറ്റീവ് ഭാഗികമായി നശിച്ചുപോയതിനാൽ ഇന്ത്യൻ ഫിലിം ഹെറിട്ടേജ് ഫൌണ്ടേഷന്റെയും ബൊലോഗ്നയിലെ പ്രശസ്ത ഫിലിം റീസ്റ്റോറേഷൻ ലാബിന്റെയും സഹായത്തോടെ മന്തൻ 4k വെർഷൻ പുനഃസ്ഥാപിച്ചെടുത്തു.

ശ്യാം ബെനഗൽ

48 വർഷങ്ങൾക്കിപ്പുറം കാനിൽ ഗോദർദ്ദിന്റെ ‘സിനാറിയോസ്’, കുറോസാവയുടെ ‘സെവൻ സാമുറായ്’, വിം വെൻഡേഴ്സിന്റെ ‘പാരിസ്, ടെക്സാസ്’ തുടങ്ങീ വിഖ്യാത സിനിമകൾക്കൊപ്പം ഇന്ത്യയുടെ അഭിമാനമായി ശ്യാം ബെനഗലിന്റെ മന്തനും പ്രീമിയർ നടത്തുകയുണ്ടായി. ജൂൺ 1,2 തിയ്യതികളിൽ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ മന്തൻ 4k വെർഷൻ റീ റിലീസ് ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ വർഷത്തെ കാനിലെ ഇന്ത്യയുടെ മറ്റൊരു അഭിമാനം അനസൂയ സെൻഗുപ്തയാണ്. അൺ സെർട്ടെൻ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവ് സംവിധാനം ചെയ്ത ‘ഷെയിംലെസ്’ എന്ന ചിത്രത്തിലൂടെ അനസൂയ നേടുമ്പോൾ കാനിൽ പിറന്നതും പുതിയൊരു ചരിത്രമാണ്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യർക്കും വേണ്ടി തന്റെ പുരസ്കാരം സമർപ്പിക്കുന്നുവെന്ന് അനസൂയ പറയുന്നത് ഒരു രാഷ്ട്രീയ നിലപാട് കൂടിയായി മാറുകയാണ്.

അനസൂയ സെൻഗുപ്ത

സന്തോഷ് ശിവന് ഛായാഗ്രഹണത്തിനുള്ള പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്കാരം ലഭിച്ചതും ഇന്ത്യൻ സിനിമയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ്. 2013 മുതൽ അന്താരാഷ്ട്ര തലത്തിൽ സിനിമാറ്റോഗ്രഫിയിൽ പ്രതിഭ തെളിയിക്കുന്ന വ്യക്തികൾക്ക് കാൻ ഫിലിം ഫെസ്റ്റിവൽ നൽകി വരുന്ന പുരസ്കാരമാണ് പിയർ ആഞ്ജിനൊ പുരസ്കാരം.

സന്തോഷ് ശിവൻ

ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഫിലിപ്പ് റൂസ്ലോ, വില്‍മോസ് സിഗ്മോണ്ട്, ഡാരിയസ് ഖൊൺജി, എഡ്വേര്‍ഡ് ലാച്ച്മാന്‍, ആഗ്‌നസ് ഗൊദാർദ് തുടങ്ങീ ലോകോത്തര സിനിമാറ്റോഗ്രാഫേഴ്സിനാണ് ഇതിന് മുൻപ് ഈ പുരസ്കാരം നൽകി കാൻ ആദരിച്ചത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം സീൻ ബെക്കർ സംവിധാനം ചെയ്ത ‘അനോറ’ എന്ന ചിത്രമാണ് ഈ വർഷത്തെ ഗോൾഡൻ പാം സ്വന്തമാക്കിയിരിക്കുന്നത്. ‘ഗ്രാൻഡ് ടൂർ’ എന്ന ചിത്രത്തിലൂടെ മിഗ്വേൽ ഗോമസാണ് ഇത്തവണ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.

‘ദി സീഡ് ഓഫ് ദി സേക്രട് ഫിഗ്’ എന്ന് ചിത്രത്തിലൂടെ ഇറാൻ ഭരണകൂടം നിരന്തരമായി വേട്ടയാടുന്ന സംവിധായകൻ മുഹമ്മദ് റസൌലോഫിന് പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.

മുഹമ്മദ് റസൌലോഫ്

യോർഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ‘ദി കൈൻഡ് ഓഫ് കൈൻഡ്നസ്’ എന്ന ചിത്രത്തിലൂടെ ജെസ്സി പ്ലെമോൺസ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ജാക്വസ് ഔഡിയാർഡിന്റെ ‘എമിലിയ പെരസ്’ എന്ന ചിത്രത്തിലൂടെ സെലേന ഗോമസ്, കർല സോഫിയ, സോയ് സാൽടന, അഡ്രിയാന പാസ് എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്.

ലോക സിനിമ എല്ലാ കാലത്തും ഉറ്റുനോക്കുന്ന കാനിൽ ഇനിയും മുപ്പത് വർഷങ്ങൾക്ക് ശേഷമായിരിക്കരുത് ഒരു ഇന്ത്യൻ ചിത്രമെത്തേണ്ടതെന്ന് പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് പായൽ കപാഡിയ പറയുകയുണ്ടായി. സംഘപരിവാർ പ്രൊപ്പഗണ്ടകൾക്ക് വഴങ്ങികൊടുക്കാതെ നിരന്തരം ഭരണകൂടത്തോട് കലഹിച്ചുകൊണ്ടിരിക്കുന്ന പായലിന്റെ നേട്ടം ഇന്ത്യൻ സിനിമയെ സംബന്ധിച്ച് മാത്രമല്ല ഫാസിസത്തിനെതിരെ കലയിലൂടെയും ഓരോ ചെറിയ ശബ്ദങ്ങളിലൂടെയും നിരന്തരം പ്രതികരിക്കുന്ന ഓരോ മനുഷ്യരെ സംബന്ധിച്ചും അഭിമാനിക്കാവുന്ന നേട്ടമാണ്.
കൂടാതെ ദേശീയ പുരസ്കാരം എന്നതിനപ്പുറത്തേക്ക് മലയാള സിനിമയ്ക്ക് ഇനിയും ഏറെ കാതങ്ങൾ സഞ്ചരിക്കാൻ കരുത്തുണ്ടാവട്ടെ.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍