‘ആര്‍ഡിഎക്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് ആണ് കേസ് എടുത്തത്. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് കേസ്.
ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി 6 കോടി രൂപ അഞ്ജന അബ്രഹാം നല്‍കിയിരുന്നു. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തിയാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
സിനിമ 100 കോടിയിലേറെ രൂപ വരുമാനം നേടിയിട്ടും വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ല എന്നാണ് അഞ്ജനയുടെ പരാതി. വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചിലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു.
കൂടാതെ സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നും അഞ്ജന ആരോപിക്കുന്നുണ്ട്. സിനിമയുടെ ആകെ നിര്‍മ്മാണച്ചെലവ് 13.8 കോടി രൂപയാണ് എന്നാണ് സോഫിയ പറഞ്ഞത്. അവരും ഇതിലേക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചതോടെ വേഗത്തില്‍ പണം നല്‍കി.
ആറ് കോടി രൂപ പല തവണകളായി ബാങ്ക് അക്കൗണ്ടുകള്‍ മുഖേനെ സോഫിയ പോളിനും കൂട്ടര്‍ക്കും നല്‍കി. എന്നാല്‍ സോഫിയ പോളും കൂട്ടരും ഈ പദ്ധതിയിലേക്ക് പണമൊന്നും നിക്ഷേപിച്ചിട്ടില്ലെന്ന് പിന്നീട് മനസിലായി. സിനിമയുമായി ബന്ധപ്പെട്ട് ആകെ ലഭിക്കുന്ന ലാഭത്തിന്റെ 30% നല്‍കാം എന്നായിരുന്നു വാഗ്ദാനം.
ഇതിനിടയില്‍ നിര്‍മ്മാണച്ചെലവില്‍ 10.31 കോടി രൂപ കൂടുതലായി ചിലവായെന്നും ആകെ നിര്‍മാണ ചിലവ് 23.40 കോടി രൂപയായി എന്നും സോഫിയ പോള്‍ ലാഘവത്തോടെ സൂചിപ്പിച്ചു. എന്നാല്‍ ഈ അവകാശവാദത്തെ തെളിയിക്കുന്ന രേഖകളൊന്നും നല്‍കിയില്ല എന്നുമാണ് അഞ്ജന എബ്രഹാം പരാതിയില്‍ പറഞ്ഞത്.