കൊറോണ ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) രാജ്യത്തെ സിനിമ സെന്‍സറിങ് നിര്‍ത്തി വെച്ചു.സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഒമ്പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്നാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
നിലവില്‍ സെന്‍സറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിങ് നിര്‍ത്തിവെക്കാനാണ് പുറത്തിറിക്കിയ ഉത്തരവില്‍ ഉള്ള നിര്‍ദേശം. നിലവില്‍ ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഓരോ റീജിയണല്‍ ഓഫീസുമായും ബന്ധപ്പെടാനുള്ള നമ്പറുകളും മെയില്‍ ഐഡിയും ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 31ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമേ സിബിഎഫ്‌സി ഓഫീസുകളുടെ പ്രവര്‍ത്തനം പുന:രാരംഭിക്കുന്ന കാര്യം തീരുമാനിക്കൂ.