കുഞ്ചാക്കോയും ടീമും കപ്പ് ഉയര്‍ത്തുമോ? സിസിഎല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം ഈ ടീമിനോട്...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ശനിയാഴ്ച ആരംഭിക്കും. ബംഗാള്‍ ടൈഗേഴ്‌സും കര്‍ണാടക ബുള്‍ഡോസേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. കേരള സ്‌ട്രൈക്കേഴ്‌സിന്റെ മത്സരങ്ങള്‍ ഞായറാഴ്ചയാണ് ആരംഭിക്കുക. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സുമായി ഏറ്റുമുട്ടും.

കര്‍ണാടക ബുള്‍ഡോസേഴ്‌സുമായാണ് കേരളത്തിന്റെ രണ്ടാമത്തെ കളി. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ജയ്പൂരിലാണ് മത്സരം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേതാണ് കേരളത്തിന്റെ ഏറ്റവും ശ്രദ്ധേയ മത്സരം. മാര്‍ച്ച് 5ന് ആണ് തിരുവനന്തപുരത്ത് മത്സരം നടക്കുക.

ബോളിവുഡ് താരങ്ങളുടെ ടീം ആയ മുംബൈ ഹീറോസ് ആണ് എതിരാളികള്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് സീസണ്‍ ആദ്യ പാദത്തിലെ കേരളത്തിന്റെ അവസാന മത്സരം. മാര്‍ച്ച് 11ന് രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്‌സ് ആണ് എതിരാളികള്‍.

കുഞ്ചാക്കോ ബോബന്‍ ആണ് സി 3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും. ദീപ്തി സതി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ടീമിന്റെ വനിതാ അംബാസിഡര്‍മാര്‍. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും.

ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്‌മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് ടീമിലുള്ളത്.