സനല്‍കുമാറിനെതിരെ കേന്ദ്രം കളി തുടരുന്നു: സെക്‌സി ദുര്‍ഗയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

സെക്‌സി ദുര്‍ഗയ്ക്കും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെയും പ്രതികാര നടപടിയുമായി കേന്ദ്രം. സെക്‌സി ദുര്‍ഗയ്ക്ക് നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ഗോവയിലെ ചലച്ചിത്രോത്സവത്തില്‍നിന്നും ഒഴിവാക്കിയ ഐആന്‍ജ്ബി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിന് പിന്നാലെയാണ് സിനിമ മറ്റൊരിടത്തും പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത വിധം സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നത്. ഗോവയിലെ ചലച്ചിത്രോത്സവ ജൂറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ സെക്‌സി ദുര്‍ഗ എന്ന പേരും ഡയലോഗിലെ ഏതാനും അസഭ്യവാക്കുകളും നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് എന്നതായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ നിലപാട്. ഇത് അനുസരിച്ച് സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ എന്നാക്കി മാറ്റി. എന്നാല്‍, ടൈറ്റിലില്‍ എസിന് ശേഷം നാല് ഹാഷ്ടാഗാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഇത് സിനിമട്ടോഗ്രഫി നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത്.

കേരള ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സനല്‍ ഗോവയിലെത്തിയത്. എന്നാല്‍, ജൂറി ചിത്രം വീണ്ടും കാണുകയും അക്കാര്യത്തില്‍ തീരുമാനം അറിയിക്കാതെ വൈകിപ്പിക്കുകയുമായിരുന്നു. ഐആന്‍ഡ്ബി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, അവരുടെ മറുപടി വന്നാല്‍ മാത്രമെ സ്‌ക്രീനിങ് നടക്കു എന്നതായിരുന്നു ജൂറിയുടെയും ചലച്ചിത്രോത്സവ സംഘാടകരുടെയും നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ഗോവയില്‍ ഇനോക്‌സ് തിയേറ്ററിന് മുന്നില്‍ സനല്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്‌കെയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നുള്ള കമലിന്റെ പ്രസ്താവന വന്ന മണിക്കൂറുകള്‍ക്കകമാണ് ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

https://www.facebook.com/kannannayar/posts/2018316748197971