ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ’ സിനിമയ്ക്കെതിരെ ചങ്ങനാശ്ശേരി രൂപത.സ്വവർഗ്ഗ പ്രണയം സംസാരിക്കുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളാണ് എന്നാണ് ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറയുന്നത്. കൂടാതെ സിനിമയിലെ പശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങൾ ആയത് എന്തുകൊണ്ടാണെന്നും മാർ തറയിൽ ചോദിക്കുന്നു.
മറ്റേതെങ്കിലും മത പശ്ചാത്തലമായിരുന്നെങ്കിൽ സിനിമ ഒരിക്കലും തിയേറ്റർ കാണില്ലായിരുന്നു എന്നും, സ്വവർഗ്ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാർ തറയിൽ പറയുന്നു. കൂടാതെ സഭയെ ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മാർ തറയിൽ ആരോപിച്ചു.
നേരത്തെ സിനിമയ്ക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ ‘കാസ’ രംഗത്തുവന്നിരുന്നു. മമ്മൂട്ടിയെ മുഹമ്മദ് കുട്ടീ എന്ന് പേരെടുത്ത് വിളിക്കുന്ന കുറിപ്പുമായാണ് കാസ രംഗത്തുവന്നത്.
സിനിമയിലെ സ്വവർഗ്ഗാനുരാഗികളായ കഥാപാത്രങ്ങളെ ക്രൈസ്തവ മത വിശ്വാസിയാക്കിയത് മനപൂർവ്വമാണെന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. എന്നാൽ പൂർണമായും മമ്മൂട്ടിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കാസയുടെ വിമർശനം. കൂടാതെ ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിൽ കാസ ആരോപിച്ചിരുന്നു.
അതേസമയം മമ്മൂട്ടിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം പറയുന്നത്.