വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗര്‍’ വന്‍ പരാജയമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുത്ത് ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായ നടി ചാര്‍മി കൗര്‍. ലൈഗറിന്റെ പരാജയത്തില്‍ വ്യാപക വിമര്‍ശനവും പരിഹാസവും വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
”ചില്‍ ഗയ്‌സ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരു ഇടവേള എടുക്കുകയാണ്. പുരി കണക്ട്ട് ശക്തമായി തിരിച്ചു വരും. അതുവരെ, ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ” എന്നാണ് ചാര്‍മി കൗറിന്റെ ട്വീറ്റ്. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും ബോക്‌സോഫീസില്‍ തളരുകയായിരുന്നു.
പാന്‍ ഇന്ത്യാ തലത്തില്‍ വന്‍ പ്രൊമോഷന്‍ പരിപാടികളായിരുന്നു ലൈഗറിനായി നടത്തിയിരുന്നത്. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ആക്ഷന്‍ സീനുകള്‍ മികച്ചതാണെങ്കിലും കെട്ടുറപ്പില്ലാത്ത കഥ സിനിമയെ ബാധിച്ചു എന്നാണ് നിരൂപകരും പ്രേക്ഷകരും പറയുന്നത്.
ഡിയര്‍ കോേ്രമഡ്, വേള്‍ഡ് ഫെയ്മസ് ലവര്‍ എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം വിജയ് ദേവരകൊണ്ടയുടെ മൂന്നാമത്തെ പരാജയ സിനിമയായി മാറിയിരിക്കുകയാണ് ലൈഗറും. 35 കോടിയായിരുന്നു സിനിമയ്ക്ക് വിജയ് ദേവരകൊണ്ട കൈപറ്റിയ പ്രതിഫലം.
സിനിമ പരാജയപ്പെട്ടതോടെ ആറ് കോടി രൂപ നടന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചു നല്‍കി. അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ട ആന്ധ്രയിലും തെലങ്കാനയിലും അറിയപ്പെടുന്ന നടനായത്. വന്‍ ഹിറ്റായ സിനിമയ്ക്ക് ശേഷം നടന്‍ തെലുങ്കിലെ യൂത്ത് ഐക്കണ്‍ ആയി മാറുകയും ചെയ്തിരുന്നു.