ആരാധകരും തെന്നിന്ത്യൻ സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന ‘ലിയോ’. എന്നാൽ ഗായിക ചിന്മയിക്ക് ലിയോ മറ്റുള്ളവരെക്കാൾ കുറച്ചുകൂടി സ്പെഷ്യൽ ആണെന്ന് വേണം പറയാൻ.
ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം ചിന്മയി ഡബ്ബിംഗ് രംഗത്തേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണ് ലിയോ. തന്റെ ഔദ്യോഗിക അക്കൌണ്ടയിലൂടെയാണ് ചിന്മയി ഈ വിവരം അറിയിച്ചത്. നായികയായ തൃഷയ്ക്ക് വേണ്ടിയാണ് ചിന്മയി ശബ്ദം നൽകിയത്.
തമിഴ് ഗാന രചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ‘മീ ടൂ’ ആരോപണം ഉന്നയിച്ചതിന് തമിഴ് സിനിമയിൽ വിലക്ക് നേരിടുകയായിരുന്നു ചിന്മയി. അതിനിടയിലാണ് ഇങ്ങനെയൊരു അവസരം കിട്ടിയത്. ഇത്തരമൊരു നിലപാട് എടുത്തത്തിന് ലോകേഷ് കനകരാജിനും ലളിത് കുമാറിനും നന്ദി പറഞ്ഞിരിക്കുകയാണ് ചിന്മയി.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിന്മയി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. കൂടാതെ വിണ്ണൈതാണ്ടി വരുവായാ, 96 എന്നീ ചിത്രങ്ങളിലും തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ചിന്മയി തന്നെയായിരുന്നു.
21 മണിക്കുറിനുള്ളിൽ 30 മില്ല്യൺ ആളുകളാണ് ഇതുവരെ ലിയോയുടെ ട്രെയ്ലർ കണ്ടത്. ഒക്ടോബർ 19 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. ‘മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ലിയോ.