ചിരഞ്ജീവിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനം കടുക്കുന്നു. ഹാസ്യതാരം ബ്രഹ്‌മാനന്ദം നായകനാകുന്ന ‘ബ്രഹ്‌മ ആനന്ദം’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ സംസാരിച്ചപ്പോഴാണ് ചിരഞ്ജീവിയുടെ വിവാദ പരാമര്‍ശം. തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു ചെറുമകനില്ലാത്തതിനെ കുറിച്ചാണ് ചിരഞ്ജീവി സംസാരിച്ചത്.
”ഞാന്‍ വീട്ടിലായിരിക്കുമ്പോള്‍, എനിക്ക് ചുറ്റും എന്റെ കൊച്ചുമകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ ഒരു ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡന്‍ ആണെന്ന് തോന്നുന്നു, ചുറ്റും ലേഡീസ്. ഞാന്‍ ആഗ്രഹിക്കുകയും, എപ്പോഴും രാം ചരണിനോട് പറയുകയും ചെയ്യുന്നുണ്ട്, ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാന്‍, ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്ന്.”
”പക്ഷേ അവന്റെ മകള്‍ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്. അവന് വീണ്ടും ഒരു പെണ്‍കുട്ടി ഉണ്ടാകുമോ എന്ന് ഞാന്‍ ഭയക്കുന്നുണ്ട്” എന്നാണ് ചിരഞ്ജീവി പറഞ്ഞത്. നടന്റെ ഈ വാക്കുകളാണ് വിവാദമായത്. ചിരഞ്ജീവിയുടെ മകനും തെലുങ്ക് സിനിമ താരവുമായ രാം ചരണിനും ഭാര്യ ഉപാസനയ്ക്കും 2023ലാണ് ക്ലിംകാര എന്ന പെണ്‍കുഞ്ഞ് ജനിച്ചത്.
പുരുഷാവകാശി വേണമെന്നുള്ള ചിരഞ്ജീവിയുടെ സെക്‌സിസ്റ്റ് പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ”ചിരഞ്ജീവി ഉപയോഗിച്ച വാക്കുകള്‍ വളരെ സങ്കടകരമാണ്. ഒരു പെണ്‍കുട്ടിയാണെങ്കില്‍, എന്തിനാണ് ഭയം? ആണ്‍കുട്ടികള്‍ ചെയ്യുന്നതുപോലെയോ അതിലും മികച്ചതോ ആയ പാരമ്പര്യം അവര്‍ മുന്നോട്ട് കൊണ്ടുപോകില്ലെ.”
”പരസ്യമായി ഇത്തരം അഭിപ്രായം പറഞ്ഞ് സമൂഹത്തെ പിന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. എല്ലാവരും ആ വാക്കുകള്‍ കേട്ട് ചിരിക്കുന്നു, നമ്മുടെ അധഃപതിച്ച ചിന്തയെയാണ് ഇത് കാണിക്കുന്നത്” എന്നാണ് എക്‌സില്‍ ഒരാള്‍ കുറിച്ചത്. ”ഇദ്ദേഹത്തെ പോലുള്ള സെലിബ്രിറ്റികള്‍ പൊതുസമൂഹത്തില്‍ ഇങ്ങനെയാണോ സംസാരിക്കേണ്ടത്. ന്തൊക്കെ പറയണമെന്ന് കരുതിയിരിക്കണം” എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.