ചിരഞ്ജീവിയുടെ 'ഭോല ശങ്കറും' തിയേറ്ററില്‍ ദുരന്തം; കീര്‍ത്തിക്ക് സഹോദരി വേഷം രാശിയില്ലെന്ന് ചര്‍ച്ച

ചിരഞ്ജീവി ചിത്രം ‘ഭോല ശങ്കര്‍’ വന്‍ ഫ്‌ളോപ്പിലേക്ക്. ‘ആചാര്യ’, ‘ഗോഡ്ഫാദര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ചിരഞ്ജീവി ചിത്രം കൂടി ബോക്‌സോഫീസില്‍ ദുരന്തമാവുകയാണ്. ആദ്യ ദിനം തന്നെ നെഗറ്റീവ് പ്രതികരണങ്ങള്‍ കേട്ട ചിത്രം 33 കോടി തിയേറ്ററില്‍ നിന്നും നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ വാരാന്ത്യത്തില്‍ ചിത്രത്തിന് കളക്ഷന്‍ കിട്ടിയിട്ടില്ല. ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായി എത്തിയ കീര്‍ത്തി സുരേഷ് ആണ് സിനിമ ഫ്‌ളോപ്പ് ആകാന്‍ കാരണം എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

കീര്‍ത്തി സുരേഷ് അനിയത്തി വേഷത്തില്‍ എത്തിയാല്‍ ആ ചിത്രങ്ങള്‍ നന്നായി ഓടില്ല എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ച. നേരത്തെ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യിലും കീര്‍ത്തി അനിയത്തിയായി എത്തിയിരുന്നു. എന്നാല്‍ ഈ ചിത്രം വലിയ പരാജയമായി. ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്.

ദേശീയ അവാര്‍ഡ് നേടിയ ‘മഹാനടി’ക്ക് ശേഷം കീര്‍ത്തിയുടെ മറ്റ് സിനിമകള്‍ ഒന്നും ഹിറ്റുകള്‍ ആയിട്ടില്ല. 2018ല്‍ ആണ് മഹാനടി റിലീസ് ആയത്. പിന്നീട് ഈ വര്‍ഷം പുറത്തിറങ്ങിയ ‘ദസറ’, ‘മാമന്നന്‍’ എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് കീര്‍ത്തിയുടെ കരിയറിലെ വിജയ സിനിമകള്‍.

അതേസമയം, ശിവയുടെ സംവിധാനത്തില്‍ 2015ല്‍ പുറത്തെത്തിയ, അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ഭോല ശങ്കര്‍. തമന്നയാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ നായികയായി എത്തിയത്. മെഹര്‍ രമേശ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുഷാന്ത്, തരുണ്‍ അറോറ, മുരളി ശര്‍മ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.