അഭിനയിച്ച സിനിമയിലെ ഒരു രംഗം; വീഡിയോ പങ്കുവെച്ച് ചിറ്റയം ഗോപകുമാര്‍

ചിറ്റയം ഗോപകുമാര്‍ ഒരു പൊതുപ്രവര്‍ത്തകന്‍ മാത്രമല്ല അഭിനേതാവ് കൂടിയാണ്. ഇപ്പോളിതാ, താന്‍ അഭിനയിച്ച പുതിയ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇഎംഐ എന്ന ചിത്രത്തിലാണ് ഗോപകുമാര്‍ അഭിനയിച്ചിരിക്കുന്നത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജിംഗ് ഡയറക്ടറുടെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തിയത്. സൂര്യ നാരായണന്‍ എന്നാണ് ചിറ്റയം ഗോപകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ മാസം ആദ്യമായിരുന്നു സിനിമ റിലീസ് ചെയ്തത്.

ജോബി ജോണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഎംഐ. റോണി ഡേവിഡ്, വീണ നായര്‍, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ബാങ്ക് ലോണും ഇഎംഐയും ഊരാക്കുടുക്കായി മാറിയ യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.

നടന്‍ കൊല്ലം തുളസി തിരക്കഥയെഴുതിയ സമാന്തരപ്പക്ഷികള്‍ എന്ന ചിത്രത്തിലും നേരത്തെ ചിറ്റയം ഗോപകുമാര്‍ അഭിനയിച്ചിരുന്നു. വിദ്യാഭ്യാസമേഖലയിലെ മൂല്യച്യുതികള്‍ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമായിരുന്നു അത്.

Read more