മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി സൂപ്പര്‍താരം ചിയാന്‍ വിക്രം. വിക്രമിന്റെ കേരള ഫാന്‍സ് അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. അതേസമയം, വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 224 ആയി. കണക്കുകള്‍ പ്രകാരം 225 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 144 മൃതദേഹം കണ്ടെടുത്തുവെന്നും 191 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്രം പ്രവചിച്ചതില്‍ അധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടില്‍ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറയുന്ന കാര്യത്തില്‍ വസ്തുതയില്ല. എന്‍ഡിആര്‍എഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.