ചോല വരുന്നു; ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ മമ്മൂട്ടി

ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോല ഡിസംബര്‍ ആറിന് തീയെറ്ററുകളില്‍ എത്തുകയാണ്. ഈ ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചെയ്യാന്‍ പോകുന്നത് മമ്മൂട്ടി ആണ്. ഇന്ന് വൈകുന്നേരം ആറു മണിക്ക് മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ ട്രൈലെര്‍ പുറത്തു വിടും. ഇപ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ജോജു ജോര്‍ജ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം “എസ് ദുര്‍ഗ”യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് “ചോല”. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

Read more

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.