43 റീടേക്കുകള്‍ എടുക്കും, എങ്കിലും രാജമൗലി സാറിന് തൃപ്തിയാവില്ല; 'നാട്ടു നാട്ടു' ചിത്രീകരിച്ചതിനെ കുറിച്ച് കൊറിയാഗ്രാഫര്‍

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം. ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്നാണ് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് പറയുന്നത്. ഈ ഗാനം ചിത്രീകരിക്കാന്‍ എടുത്ത വെല്ലുവിളിയെ കുറിച്ചാണ് പ്രേം രക്ഷിത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

രണ്ട് മാസം എടുത്താണ് ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തത്. 20 ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 43 റീ ടേക്കുകള്‍ വേണ്ടി വന്നു. രണ്ടുപേരും ഒരേ ഊര്‍ജത്തില്‍ കളിക്കണമായിരുന്നു. താന്‍ കാരണം ആരെങ്കിലും ഒരാള്‍ മറ്റേയാളേക്കാള്‍ അല്‍പം താഴ്ന്നു പോകുമോയെന്ന് ഭയന്നിരുന്നു.

രണ്ട് നായകന്മാരിലും മാത്രമായിരിക്കണം ആളുകളുടെ ശ്രദ്ധ. ഒരിക്കലും അത് പിന്നണി നര്‍ത്തകരിലേക്ക് പോകരുത്. നൃത്തച്ചുവടുകള്‍ ഒരുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. യുക്രൈന്‍ തലസ്ഥാനമായ കീവിലെ മാരിന്‍സ്‌കി പാലസിന് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്. യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഔദ്യോഗിക വസതിയാണിത്.

രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയായിരുന്നു ഷൂട്ടിംഗ്. ചിത്രീകരണം അവസാനിച്ച ശേഷം വീണ്ടും മൂന്ന് മണിക്കൂര്‍ റിഹേഴ്‌സല്‍ നടത്തും. ടേക്കുകള്‍ എടുത്തിട്ട് രാജമൗലി സാറിന് തൃപ്തിയാവുന്നുണ്ടായിരുന്നില്ല. തളര്‍ന്നു പോയെങ്കിലും എല്ലാവരും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒട്ടും മടി കാണിച്ചില്ല.

രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണ്. അത് തന്റെ ജോലി എളുപ്പമാക്കിയെന്നും പ്രേം രക്ഷിത് പറഞ്ഞു. ‘വിക്രമാര്‍ക്കുഡു’, ‘യമദൊംഗ’, ‘മഗധീര’, ‘ബാഹുബലി’ എന്നീ രാജമൗലി ചിത്രങ്ങളിലും പ്രേം രക്ഷിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.