ഇത്തവണത്തെ ക്രിസ്മസ് ബോക്‌സ് ഓഫീസ് ആര് കീഴടക്കും: ഇഞ്ചോടിഞ്ച് മത്സരവുമായി മമ്മൂട്ടിയും ജയസൂര്യയും പൃഥ്വിരാജും

ഓണം കഴിഞ്ഞാല്‍ പിന്നെ മലയാള സിനിമയുടെ വമ്പന്‍ റിലീസ് സാധാരണ ക്രിസ്മസിനാണ്. അവധിയും ആഘോഷവും കൊഴുപ്പിക്കാന്‍ ഇത്തവണ റിലീസിനെത്തുന്നത് മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, ടൊവിനോ, വിനീത് എന്നിവരുടെ ചിത്രങ്ങളാണ്.

മാസ്റ്റര്‍പീസ്

കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറുടെ വേഷത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. വിദ്യാര്‍ഥികളെ നിലയ്ക്ക് നിര്‍ത്തുന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന എഡ്ഡിയുടെ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

രാജാധിരാജ ഒരുക്കിയ യുവ സംവിധായകന്‍ അജയ് വാസുദേവിന്റെ രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ് കൃഷ്ണയാണ്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുകേഷ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, സന്തോഷ് പണ്ഡിറ്റ്, പാഷാണം ഷാജി, ജോളി മൂത്തേടന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരത്തിലേറെ കോളജ് വിദ്യാര്‍ഥികളും ചിത്രത്തില്‍ വേഷമിടുന്നു.

വിനോദ് ഇല്ലംപള്ളിയാണ് ക്യാമറ കൈകാര്യം ചെയ്തത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്.മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഉദയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള യുകെ സ്റ്റുഡിയോസ് വിതരണം ചെയ്യും.

വിമാനം

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “വിമാനം”. ബധിരനും മൂകനുമായ സജി സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച് പറത്തുന്ന കഥയാണ് ചിത്രം പറയുന്നത്. തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതമാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് വിമാനത്തില്‍ നായിക. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. അലന്‍സിയര്‍ ലെ ലോപ്പസ്, സുധീര്‍ കരമന, പി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

ആട് 2

ആട് ഒരു ഭീകരജീവിയാണ് എന്ന ജയസൂര്യ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആട് 2. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ബാബുവാണ്. ജയസൂര്യ, സണ്ണിവെയ്ന്‍, വിനായകന്‍, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണനാണ് ഛായാഗ്രാഹകന്‍, ഷാന്‍ റഹ്മാനാണ് സംഗീതം.

ആട് ഒന്നാം ഭാഗം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ടോറന്റില്‍ വന്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗമെങ്കിലും വരുമ്പോള്‍ തിയേറ്ററില്‍ ഹിറ്റാക്കണെ എന്നാണ് സിനിമാ പ്രേമികളും അണിയറ പ്രവര്‍ത്തകരും ഒരുപോലെ ആവശ്യപ്പെടുന്നത്.

മായാനദി

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് “മായാനദി”. ശ്യാം പുഷ്‌ക്കറും ദിലീഷ് നായരും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അമല്‍ നീരദ് പ്രൊഡക്ഷനില്‍ ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ ഒപിഎം ഡ്രീമം മില്‍ സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കറും ദിലീഷ് നായരുമാണ് മായാനദിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജയേഷ് മോഹനാണ് ഛായഗ്രാഹകന്‍.

ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, ഖാലിദ് റഹ്മാന്‍ എന്നീ സംവിധായകര്‍ അഭിനേതാക്കളായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ അപര്‍ണ്ണ ബാലമുരളി, ഉണ്ണിമായ, നിഴല്‍കള്‍ രവി, സൗബിന്‍ സാഹിര്‍, ഹരീഷ് പോത്തന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ക്രിസ്തുമസിന് മായാനദി പ്രദര്‍ശനത്തിനെനത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന അലറലോടലറല്‍

വിനീത് ശ്രീനിവാസന്‍, അനുസിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന അലറലോടലറല്‍. ശരത്ബാലനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ദീപു എസ്. ഉണ്ണി നിര്‍വഹിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, മാമുക്കോയ, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി, തെസ്‌നിഖാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.

വേലൈക്കാരന്‍

തനി ഒരുവന്‍ ചിത്രത്തിന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേലൈക്കാരന്‍. ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം വേലൈക്കാരന്‍ ക്രിസ്മസിന് റിലീസ് ചെയ്യും. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തും. നയന്‍താരയാണ് നായിക. സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റു താരങ്ങള്‍.